തിരുവനന്തപുരം : മുസ്‌ലിം അസോസിയേഷൻ പുതിയ മെമ്പർമാരെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച കേസിൽ അസോസിയേഷന്റെ പ്രത്യേക അനുമതി ഹർജിയിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ഇൗവർഷം ജനുവരി 20-ാം തീയതി തിരഞ്ഞെടുത്ത പുതിയ കമ്മിറ്റിയിലെ പ്രസിഡന്റ് നാസർ കടയറ ജനറൽ സെക്രട്ടറി പി.എസ്. അബ്ദുൽ ലത്തീഫ്, ട്രഷറർ ഖാജാ മുഹമ്മദ് എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റി ചുമതലയേൽക്കാൻ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകി.

ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടേതാണ് ഇടക്കാല വിധി. 2007 ലെ ജനറൽ ബോഡി തീരുമാനപ്രകാരം പുതിയ അംഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതു മറികടന്ന് അസോസിയേഷൻ അംഗത്വ വിതരണം നടത്തിയെന്നും ആരോപിച്ച് ബഷീർ ഇ, മുഹമ്മദ് അസം എന്നിവർ നൽകിയ ഹർജിയാണ് നടപടിയുടെ തുടക്കം.

വിചാരണ കോടതി മുതൽ ഹൈക്കോടതിവരെ ഇൗ തരത്തിലുള്ള ഒരു വിലക്കും അംഗത്വ വിതരണത്തിൽ ഇല്ലെന്ന് കണ്ടെത്തി. എന്നാൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്ത നടപടിക്രമങ്ങൾ നിയമാവലി അനുസരിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി പുതുതായി തിരഞ്ഞെടുക്കപ്പെട്ട 416 അംഗങ്ങളുടെ അംഗത്വം ഹൈക്കോടതി റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്താണ് മുസ്‌ലിം അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്.

നിയമാവലി അനുസരിച്ച് ജനറൽ ബോഡിയുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും തീരുമാനങ്ങൾക്ക് അനുസൃതമായി നിയമാവലിയിൽ ഉണ്ടായ വൈരുദ്ധ്യങ്ങൾ സമരസപ്പെടുത്തുക മാത്രമാണ് അസോസിയേഷൻ ചെയ്തതെന്ന് അസോസിയേഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഹാരിസ് ബീരാനും വാദിച്ചു.