മലയിൻകീഴ്: വിളവൂർക്കലിന് സമീപത്തെ വീട്ടിൽ നിന്ന് 5 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ദാമോദർ നഗർ ജോ-നിൽ സുനിലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വീടിന് മുന്നിൽ സുരക്ഷിതമെന്ന് കരുതി സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് മോഷ്ടാവ് വാതിൽ തുറന്ന് അകത്തുകയറുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. വൈകിട്ട് ഉടമസ്ഥർ എത്തുമ്പോഴാണ് വീട്ടിൽ കവർച്ച നടന്നതറിയുന്നത്. സ്വകാര്യ ട്രാവൽസ് നടത്തുന്ന സുനിലും സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ ഭാര്യയും ജോലിക്കും ഇവരുടെ മക്കൾ പഠിക്കാനും പോയിരുന്നു. ആളനക്കം കേട്ട് അയൽക്കാരിയായ യുവതി നോക്കുമ്പോഴേക്കും മോഷണ ശേഷം പ്രതി മതിൽ ചാടുന്നതാണ് കണ്ടത്. ഈ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും ചേർത്താണ് സുനിൽ പൊലീസിൽ പരാതി നൽകിയത്. പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. മലയിൻകീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഉടൻ പിടിയിലാകുമെന്ന് എസ്.ഐ. സൈജു അറിയിച്ചു.