തിരുവനന്തപുരം : 18 വർഷം തുടർച്ചയായി കേരളത്തിന്റെ ജഴ്സിയണിഞ്ഞ വോളിബാൾ താരം ടോം ജോസഫ് ഇത്തവണ മറ്റേതെങ്കിലും സംസ്ഥാനത്തിനായി ദേശീയ ചാമ്പ്യൻഷിപ്പ് കളിച്ചേക്കും. അടുത്തിടെ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ലാ ടീമിന് വേണ്ടി കളിച്ച് കോർട്ടിനോട് വിട പറയാൻ ടോം ആലോചിച്ചിരുന്നുവെങ്കിലും പാലക്കാട് ജില്ലാ അസോസിയേഷനെ സംസ്ഥാന അസോസിയേഷൻ വിലക്കിയിരുന്നതിനാൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് മറ്റേതെങ്കിലും സംസ്ഥാനത്തിനായി കളിക്കാൻ ടോം തീരുമാനിച്ചത്.
ഇക്കാര്യങ്ങൾ വിശദമാക്കി ടോം ജോസഫ് കഴിഞ്ഞദിവസം വോളിബാൾ അസോസിയേഷന് അനുമതി പത്രം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ടോമിന് എൻ.ഒ.സി നൽകിയ അസോസിയേഷൻ ഞായറാഴ്ച കരിങ്കുന്നത്ത് തുടങ്ങുന്ന ഇന്റർസോണൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ജില്ലാ ടീമുകളിൽ ജില്ലാ അസോസിയേഷനുകൾ അനുവദിച്ചാൽ ഉൾപ്പെടുത്താം എന്ന് അറിയിച്ചിട്ടുണ്ട്.
ഇത്രയും നാൾ കേരളത്തിനായി മാത്രമാണ് കളിച്ചിട്ടുള്ളതെന്നും കേരളത്തിന്റെ കുപ്പായമണിഞ്ഞുതന്നെ വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും ടോം ജോസഫ് പറഞ്ഞു. പാലക്കാട് ജില്ലാ ടീമിന് വേണ്ടി കളിക്കാൻ തയ്യാറെടുത്തപ്പോഴാണ് നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത്. ഇതേതുടർന്നാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് ക്ഷണം ലഭിച്ചത്. ഇന്റർ സോൺ ചാമ്പ്യൻഷിപ്പിൽ ജില്ലാ അസോസിയേഷനുകൾ അനുവദിച്ചാൽ കളിക്കാമെന്നുള്ള അറിയിപ്പ് ഇന്നലെ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ടോം ജോസഫ് പറഞ്ഞു.