രാജ്യത്ത് വിലനിലവാരം ഉയരുന്നത് ആർക്കാണ്, ഏതിനാണ്, എപ്പോഴാണ് എന്നൊന്നും ഒരിക്കലും പറയാനാവില്ല. ഉള്ളിയും ധനമന്ത്രി നിർമ്മല സീതാരാമനും അമിത് ഷാജിയും ന.മോ.ജിയും പോലും ഈ കമ്പോളനിലവാര യുക്തിയിൽ നിന്ന് മോചിതരല്ല.
ന.മോ.ജിയുടെ വില കുത്തനേ കേറിക്കേറി ഇപ്പോഴത്തെ ഉള്ളിയുടെ നിലവാരത്തിലെത്തിച്ചേർന്ന ഇക്കഴിഞ്ഞ മേയ് മാസത്തിൽ രാഹുൽമോന്റെ വില പരിതാപകരമായി ഇടിഞ്ഞ് നമ്മുടെ ഐസക് സഖാവിന്റെ (നിർമ്മലാജിയുടെയും അതുതന്നെ) ഖജനാവ് പരുവത്തിലായത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.
രാഹുൽമോൻ അതിന് ശേഷം പാട്ടും പാടി നടപ്പായിരുന്നു കുറേക്കാലം. ഇപ്പോഴാണ് ഒന്ന് നോർമ്മലായത് എങ്കിലും മോൻ വേറെ വല്ല പണിയും നോക്കിപ്പോകുന്നത് ഉചിതമാകുമെന്ന ചിന്ത ശക്തമാണ്. ന.മോ.ജിയാകട്ടെ, കമ്പോളത്തിലെ ഉയർന്ന വിലസൂചികയിൽ സ്വയം അഭിരമിച്ച്, ഉല്ലസിച്ച് നടക്കുകയായിരുന്നു. അതിനിടയ്ക്കാണ് നിർമ്മല സീതാരാമൻജിയുടെ ഖജനാവിന് എന്തോ വാട്ടം കണ്ടുതുടങ്ങിയത്. അത് മണ്ട ചീയലാണോ, ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണമാണോ എന്ന് പിടികിട്ടാതെ നിർമ്മലാജി സീതാരാമൻജി പല പച്ചമരുന്നുകളും പരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതൊന്നും മനസിലാക്കാതെ കേരളത്തിലെ കയർമന്ത്രി ഐസക് സഖാവ് ഒരു ഞാൺ കയറും സംഘടിപ്പിച്ച് നിർമ്മലാജിയുടെ മുന്നിൽ ചെന്ന് ആത്മഹത്യാഭീഷണി മുഴക്കിയാലെന്ത് ചെയ്യാനാണ്!
അതൊരുവശത്ത് നിൽക്കുന്നു. പക്ഷേ അതിലും മാരകമായ ആക്രമണം നടത്തിയത് ആ ഉള്ളിയാണ്.
കമ്പോളത്തിൽ നിർമ്മലാജിയുടെയും അമിത് ഷാജിയുടെയും ന.മോ.ജിയുടെയും പോലും വിലനിലവാരത്തെ തച്ചുതകർത്താണ് ഉള്ളിയുടെ കടന്നുകയറ്റം. പക്ഷേ നിർമ്മലാജി അതുകണ്ട് ചിരിച്ചുനിൽക്കുകയാണ്. ഉള്ളി കൊണ്ട് മാരകമായ കൂടോത്രം ചെയ്താലും നിർമ്മലാജി പുച്ഛിച്ച് ചിരിച്ച് നിൽക്കും. ഉള്ളിയെ കണ്ടാൽ പഞ്ചപുച്ഛമടക്കി നിന്ന് ന.മോ.ജി മാറിപ്പോകും. എന്തിന്, ആരെയും എന്തിനെയും പേടിക്കാത്ത അമിത് ഷാജി പോലും ഉള്ളിയുടെ മുന്നിൽ നിന്നാൽ ഏങ്ങിയേങ്ങിക്കരഞ്ഞ് പോകുമെന്നാണ് പറയുന്നത്. പക്ഷേ നിർമ്മലാജി അങ്ങനെ കരയില്ല. ഏത് ഉള്ളി, എന്ത് ഉള്ളി എന്നാണ് അവരുടെ മട്ട്.
താൻ ഉള്ളി കഴിക്കാറില്ലെന്നും ഉള്ളി വില അതുകൊണ്ട് തന്നെ ബാധിക്കില്ലെന്നും നിർമ്മലാജി വെറുതെ പറഞ്ഞതല്ല. അവർക്ക് ഉള്ളിവില, പുല്ലുവിലയാണ്. കല്ലുവില പോലുമല്ല. ഉള്ളി തൊലിച്ച് കണ്ണിൽ നിന്നും മൂക്കിൽ നിന്നും നീർത്തുള്ളികൾ വീഴ്ത്തുന്ന ശീലം പണ്ടുതൊട്ടേ അവർക്കില്ല. അതുകൊണ്ടാണ് സവാളക്ക് വില കേറിക്കേറി കിലോക്ക് 160രൂപയിലെത്തി നിന്നിട്ടും മിഥുനം സിനിമയിലെ കൂടോത്രത്തിന് മുന്നിൽ കുലുങ്ങാതെ നിന്ന ഇന്നസെന്റിനെ പോലെ നിർമ്മലാജി നിൽക്കുന്നത്.
അരക്കിലോ ഉള്ളി വാങ്ങി നടന്നുപോകുന്നവനെ തടഞ്ഞുനിറുത്തി കൊള്ളയടിക്കുന്ന കാലമാണ്. ഇത് രാജ്യത്തുണ്ടാക്കുന്ന പൊല്ലാപ്പിനെക്കുറിച്ച് ആലോചിച്ചാൽ ഒരു കണക്കിന് നിർമ്മലാജിയുടെ ലൈൻ സ്വീകരിക്കുന്നതാണ് നല്ലത്. ഉള്ളി കഴിക്കാതിരിക്കുക. ന.മോ.ജി വിചാരിച്ചാൽ അതിനൊരു വഴി കണ്ടെത്താവുന്നതേയുള്ളൂ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടും ബീഫും നിരോധിച്ച പാർട്ടിക്കാണോ കേവലമൊരു ഉള്ളി നിരോധിക്കാൻ പാട്? വെറുമൊരു 'ഭായിയോ, ബഹനോ...' ഏർപ്പാട് കൊണ്ട് സാധിക്കാവുന്നതേയുള്ളൂ ന.മോ.ജിക്ക് അത്. ബീഫും ഉള്ളിയും മുൻകാല പ്രാബല്യത്തോടെ നിരോധിച്ച് ഉത്തരവിറക്കിയാൽ തീരുന്നതേയുള്ളൂ നിർമ്മലാജിയുടെ ഇപ്പോഴത്തെ ബുദ്ധിമുട്ട് ! ഈയൊരു പോംവഴി ഇപ്പോൾ പരീക്ഷിച്ചാൽ 2024ലും വച്ചടി വച്ചടി കയറ്റം ഉറപ്പാക്കാൻ ന.മോ.ജിക്ക് എളുപ്പം സാധിക്കും. ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ!
ഉള്ളിവില എത്ര കേറിയാലും നമ്മുടെ യൂത്ത് കോൺഗ്രസിന്റെ വിലയിടിഞ്ഞ് പോകുമെന്ന് ആരും ധരിക്കരുത്. അഖിലേന്ത്യാ യൂത്താണോ സംസ്ഥാന യൂത്താണോ വലുതെന്ന് ചോദിച്ചാൽ അഖിലേന്ത്യ അവരുടേതെന്നും സംസ്ഥാനം അവരുടേതെന്നും പറയുന്നതാണ് വലിയ യൂത്ത് എന്നേ നമുക്ക് മറുപടി പറയാനാകൂ. ആരാണ് മൂപ്പനെന്ന തർക്കം ഐക്യരാഷ്ട്രസഭയിൽ ചർച്ച ചെയ്താൽ പോലും ഉടനെയൊന്നും പരിഹരിക്കാനാകുമെന്ന് തോന്നുന്നില്ല.
സംസ്ഥാന യൂത്തിൽ തിരഞ്ഞെടുപ്പ് നടത്തിയെടുക്കാൻ അഖിലേന്ത്യാ യൂത്ത് പതിനെട്ടടവും പൂഴിക്കടകനും പയറ്റിനോക്കിയിട്ടും കുറേ പൂഴി പാറിയതല്ലാതെ ഒന്നും സംഭവിക്കുന്ന മട്ടില്ല. യൂത്ത് മൂത്ത് ഗാന്ധിയായി മാറിയ ചെന്നിത്തല ഗാന്ധിയും മുല്ലപ്പള്ളി ഗാന്ധിയും അമ്പിനും വില്ലിനും അടുക്കുന്നില്ലെന്നാണ് അഖിലേന്ത്യാ യൂത്തിന്റെ ചുമതലക്കാരനായ രവീന്ദ്രദാസന്റെ ബോദ്ധ്യം. മൂത്ത ഗാന്ധിമാർ കനിയാതെ കേരളത്തിലെ യൂത്തന്മാരുടെ തിരഞ്ഞെടുപ്പ് നടത്തുന്നതെങ്ങനെ? ഗാന്ധിമാർ പറയുന്ന യൂത്തന്മാരെ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ഒക്കെ ആക്കി തൽക്കാലം തടി കൈച്ചലാക്കുന്നതാകും ഭംഗി എന്ന് സ്നേഹബുദ്ധ്യാ അതിനാൽ ദ്റോണർ ഉപദേശിക്കുകയാണ്. ചർക്കയിൽ നൂല് നൂറ്ര് രഘുപതി രാഘവ പാടി കാലം കഴിക്കാൻ വിചാരിക്കുന്നുവെങ്കിൽ അടിയന്തരമായി ചെയ്യേണ്ടത് അതാണ്. അല്ലാതെ പത്തല്ല, പതിനായിരം പേരുടെ പട്ടിക ഇറക്കി വിരട്ടിയാലും ഒരു പ്രയോജനമുണ്ടാകുമെന്ന് കരുതുക വയ്യ !
ഇ-മെയിൽ: dronar.keralakaumudi@gmail.com