തിരുവനന്തപുരം: എന്തുമാകാമെന്നതിന്റെ മറ്റൊരു കിരീടവുമണിഞ്ഞ് യൂണിവേഴ്സിറ്റി കോളേജ് ഇതാ വിലസി നിൽക്കുന്നു. ഉന്നത ബിരുദമായ എം.ഫിലിന് ക്ളാസെടുക്കുന്നത് യോഗ്യതയില്ലാത്ത അദ്ധ്യാപകർ. സർവകലാശാല ഗൈഡ്ഷിപ്പുള്ളവർ മാത്രമേ എം.ഫിൽ ക്ലാസെടുക്കാവൂ എന്നാണ് യു.ജി.സി - സർവകലാശാല ചട്ടം. അതൊക്കെ യൂണിവേഴ്സിറ്റി കോളേജിന്റെ പടിക്ക് പുറത്ത്. ഇവിടെ നിയമം വേറെയാണ്. ആര് പഠിപ്പിക്കണം, എന്ത് പഠിപ്പിക്കണമെന്ന് തമ്പുരാൻമാർ തീരുമാനിക്കും. അതിന്റെ നേർക്കാഴ്ചയായി എം.ഫിൽ കോഴ്സ് അധഃപതിച്ചിരിക്കുകയാണ്. തീസിസ് സൂപ്പർവൈസ് ചെയ്യാനും റിസർച്ച് ഒപ്പിടാനും ഗൈഡ്ഷിപ്പുള്ളവർ തന്നെ വേണം. എന്നാൽ പി.എച്ച്.ഡി യോഗ്യത പോലും ഇല്ലാത്ത അദ്ധ്യാപകരാണ് സർവകലാശാല ചട്ടങ്ങൾ നഗ്നമായി ലംഘിച്ച് ഇവിടെ പഠിപ്പിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ ഭൂരിപക്ഷം ഡിപ്പാർട്ട്മെന്റുകളിലും വർഷങ്ങളായി യോഗ്യതയില്ലാത്ത അദ്ധ്യാപകരാണ് എം.ഫിലിന് ക്ളാസെടുക്കുന്നതെന്ന് 'കേരള കൗമുദി ഫ്ളാഷ് " അന്വേഷണത്തിൽ കണ്ടെത്തി.
ഗവർണറെയും കബളിപ്പിച്ചു
യോഗ്യതയില്ലാത്ത അദ്ധ്യാപകർ പഠിപ്പിക്കുന്നതിനെതിരെ കഴിഞ്ഞവർഷം ഒരു വിദ്യാർത്ഥി ഗവർണർക്ക് പരാതി നൽകിയിരുന്നു. ഗവർണറുടെ ഓഫീസ് കേരള സർവകലാശാലയോടും സർവകലാശാല കോളേജിനോടും വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ ഗവർണറെയും സർവകലാശാലയെയും തെറ്റിദ്ധരിപ്പിച്ച് യോഗ്യതയില്ലാത്ത അദ്ധ്യാപകർ എം.ഫിൽ ക്ലാസെടുക്കുന്നില്ലെന്ന് കോളേജ് മറുപടി നൽകി. ഗവർണർക്ക് കൊടുത്ത മറുപടി വിവരാവകാശ നിയമപ്രകാരം കോളേജിനോട് ആവശ്യപ്പെട്ടെങ്കിലും പകർപ്പ് ഫയലിൽ കാണാനില്ലെന്നായിരുന്നു മറുപടി.
ഇസ്ളാമിക് വിഭാഗത്തിലും തരികിട
യൂണിവേഴ്സിറ്റി കോളേജിലെ ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന് ഇന്നേവരെ സ്വന്തമായി റിസർച്ച് ഗൈഡില്ല. കോളേജിന് പുറത്തുള്ള ഒരു അദ്ധ്യാപകനെ റിസർച്ച് ഗൈഡായി കാണിച്ചാണ് കോളേജിൽ ഇസ്ലാമിക്ക് ഹിസ്റ്ററി വിഭാഗം എം.എഫിൽ കോഴ്സ് നടത്തിയിരുന്നത്.കോളേജിന് പുറത്ത് നിന്നുള്ള അദ്ധ്യാപകനെ റിസർച്ച് ഗൈഡാക്കരുതെന്നാണ് യു.ജി.സി ചട്ടം. യു.ജി.സി നിയമം കർശനമായപ്പോൾ 2016ൽ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാൻ ഒരു വർഷത്തേക്ക് മാത്രം കോഴ്സ് നടത്താനുള്ള അനുമതി സർവകലാശാല കോളേജിന് നൽകിയിരുന്നു. എന്നാൽ ഈ അനുമതി വച്ച് 2017ലും 2018ലും കോളേജ് കോഴ്സ് തുടർന്നു. ഗൈഡ്ഷിപ്പില്ലാത്ത അദ്ധ്യാപകരാണ് ഇസ്ലാമിക്ക് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നതെന്ന് അറിയാമായിരുന്നിട്ടും എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് സർവകലാശാല എം.എഫിൽ കോഴ്സ് തുടങ്ങാനുള്ള അനുമതി കോളേജിന് നൽകിയത്.
കള്ളക്കളി വീണ്ടും
2018ൽ ഇസ്ലാമിക്ക് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിൽ എം.ഫിൽ കോഴ്സ് നിറുത്തി. തുടർന്ന് ഡിപ്പാർട്ട്മെന്റിലേക്ക് പി.എച്ച്.ഡിയുള്ള ഒരു അദ്ധ്യാപകന് പുറമേ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പി.എച്ച്.ഡിയുള്ള ഒരു അദ്ധ്യാപികയേയും കൊണ്ടുവന്നു. എന്നാൽ, ഇവർ ഗൈഡ്ഷിപ്പിനായി സർവകലാശാലയെ സമീപിച്ചപ്പോൾ കോളേജിലെ ഇസ്ലാമിക്ക് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിനെ ഇതുവരെ സർവകലാശാല റിസർച്ച് ഡിപ്പാർട്ട്മെന്റായി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. അതായത് റിസർച്ച് ഡിപ്പാർട്ട്മെന്റായി അംഗീകരിക്കാത്ത ഒരു ഡിപ്പാർട്ട്മെന്റിൽ നിന്നാണ് വിദ്യാർത്ഥികൾ സർവകലാശാല സർട്ടിഫിക്കറ്റ് വാങ്ങി പഠിച്ചിറങ്ങിയതെന്ന് ചുരുക്കം.