cbcid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊലപാതകമുൾപ്പെടെയുള്ള പ്രമാദ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ കിടുവാകാൻ ക്രൈംബ്രാഞ്ച്. നിസാര കുറ്റകൃത്യങ്ങൾക്ക് വിലപ്പെട്ട സമയം കളയാൻ ഇനി ക്രൈംബ്രാഞ്ചില്ല. അത്തരത്തിലുളള 3000 ത്തിലധികം കേസുകൾ സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതിയോടെ ലോക്കൽ പൊലീസിന് കൈമാറി. വർഷങ്ങളായി അന്വേഷിച്ചിട്ടും തെളിയാത്ത കൊലപാതകങ്ങളും രാജ്യാന്തര ബന്ധമുള്ള കവർച്ചകളും തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും മുൻഗണനാക്രമത്തിൽ സമയബന്ധിതമായി അന്വേഷിച്ച് തെളിയിച്ച് സംസ്ഥാനത്തെ സൂപ്പർ പൊലീസാവുകയാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം ക്രൈംബ്രാഞ്ച് മേധാവിയായ എ.ഡി.ജിപി ടോമിൻ തച്ചങ്കരിയാണ് കുറ്റാന്വേഷണ രംഗത്ത് ക്രൈംബ്രാഞ്ചിനെ കുറ്രമറ്റ സേനയാക്കി വള‌ർത്താനുളള പദ്ധതികൾക്ക് പിന്നിൽ.

എഴുത്ത് പരീക്ഷയിലൂടെ

കണ്ടെത്തിയത് 180 പേരെ

എഴുത്ത് പരീക്ഷയിലൂടെ കണ്ടെത്തിയ കുറ്റാന്വേഷണത്തിൽ താൽപര്യവും നൈപുണ്യവുമുള്ള പ്രഗത്ഭരായ ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ചിലെടുത്തിരിക്കുന്നത്. രണ്ട് ബാച്ചുകളിലായി 400 ലധികം പേർ പങ്കെടുത്ത പരീക്ഷയിൽ 180 പേരെയാണ്സെലക്ട് ചെയ്തത്. നിലവിൽ ക്രൈംബ്രാഞ്ചിൽ ജോലി ചെയ്തിരുന്നവരിൽ അഞ്ച് വർഷത്തിലധികമായവരെ മുഴുവൻപേരെയും മാതൃയൂണിറ്റിലേക്ക് മടക്കി. സാമ്പത്തിക കുറ്റാന്വേഷണം, ഹർട്ട് ആന്റ് ഹോമിസൈഡ് വിംഗുകളൊക്കെ പിരിച്ചുവിട്ട് ഒരു ഡസനോളം എസ്.പി മാരുടെ കീഴിൽ 12 ജില്ലാ യൂണിറ്റുകളും നാല് സെൻട്രൽ യൂണിറ്റുകളുമായി കേസ് അന്വേഷണത്തെ ഏകോപിപ്പിച്ചു. ഒരുമാസം ഒരു കേസിന്റെ വീതം അന്വേഷണം പൂർത്തിയാക്കണമെന്നാണ് യൂണിറ്റുകൾക്ക് നൽകിയിട്ടുള്ള നിർദേശം.

1200 കേസുകൾ

60 കൊലപാതകങ്ങൾ

വർഷങ്ങൾ നീണ്ട അന്വേഷണത്തിലും തെളിയാത്തതും പ്രമാദമായതുമായ 1200 ലധികം കേസുകളാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ പട്ടികയിൽ ഇപ്പോഴുള്ളത്. 1985 മുതലുള്ള കേസുകൾ ഇക്കൂട്ടത്തിൽപ്പെടും. 60 കൊലപാതകകേസുകൾ, സാമ്പത്തിക തട്ടിപ്പുകൾ, വധശ്രമം, കവർച്ച തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. പാലക്കാട് ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസുൾപ്പെടെ അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കേണ്ട കേസുകളുടെ പട്ടിക തയ്യാറാക്കി, ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് ഇവയിൽ മിക്കതിന്റെയും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. അതി സൂക്ഷ്മമായും രഹസ്യമായും കൂടത്തായി മോഡൽ അന്വേഷണ രീതിയാണ് ചില കേസുകളിൽ അവലംബിച്ചിട്ടുള്ളത്. അന്വേഷണം അവസാനിപ്പിക്കാൻ മുമ്പ് പലരും ശുപാർശചെയ്തിരുന്ന ചില കേസുകൾ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുനരന്വേഷിക്കാനും ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരു മാസം പ്രമാദമായ ഒരു കേസെങ്കിലും സംസ്ഥാനത്ത് തെളിയിക്കണമെന്ന നിശ്ചയദാ‌ർഢ്യത്തോടെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനം ചിട്ടപ്പെടുത്തിയിട്ടുളളത്. അന്വേഷണ പുരോഗതി യൂണിറ്റ് മേധാവികൾ വിലയിരുത്തുന്നതിനൊപ്പം എസ്.പി മാരും മാസം തോറും കേസ് അന്വേഷണം വിലയിരുത്തും.

 ക്രൈംബ്രാഞ്ച് കുറ്റമറ്റ അന്വേഷണഏജൻസിയാണെന്ന വിശ്വാസം ആർജിക്കുകയാണ് ലക്ഷ്യം. കേസുകളിൽ കാലവിളംബം വരുത്തി ഇരകൾക്ക് നീതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. കുറ്റവാളികളെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടുന്നതിനും കുറ്റകൃത്യം തെളിയിച്ച് പരമാവധി ശിക്ഷ വാങ്ങികൊടുക്കാനുമായിരിക്കണം അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടത്. സംസ്ഥാന സർക്കാരിന്റെ ഉന്നത അന്വേഷണ ഏജൻസിയായി ക്രൈംബ്രാഞ്ചിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. - ടോമിൻ തച്ചങ്കരി , എ.ഡി.ജിപി , ക്രൈംബ്രാഞ്ച്