banana

പാരീസ്: ചുമരിൽ അലുമിനിയം ടേപ്പുകൊണ്ട് ഒട്ടിച്ചുവച്ച ഒരുവാഴപ്പഴത്തിന്റെ വില 85ലക്ഷം രൂപ. തള്ളിയതല്ല, സംഗതി നൂറുശതമാനം സത്യം. മിയാമി ബീച്ചിലെ ആർട്ട് ബേസലിൽ വില്പനയ്ക്കുവച്ച വാഴപ്പഴത്തിനാണ് മോഹവിലകിട്ടിയത്. നിമിഷങ്ങൾക്കകമാണ് ഇത് വിറ്റുപോയത്. മൗരീസിയോ കാറ്റെലൻ എന്ന കലാകാരൻ തയ്യാറാക്കിയ വാഴപ്പഴത്തിന്റെ ഇൻസ്റ്റലേഷനായിരുന്നു ഇത്.

കൊമേഡിയൻ എന്ന പേരാണ് ഇൻസ്റ്റലേഷൻ നൽകിയിരുന്നത്. ഒരു ചുമരിൽ വാഴപ്പഴം ടേപ്പ് കൊണ്ട് ഒട്ടിച്ചുവച്ചതായിരുന്നു ഇൻസ്റ്റലേഷനെങ്കിലും ഇതിന് പല അർത്ഥ തലങ്ങളുണ്ടത്രേ.ലോകവ്യവസായത്തിന്റെ അടയാളമായി ദ്വയാർത്ഥപ്രയോഗത്തിലാണ് വാഴപ്പഴം അവതരിപ്പിച്ചതെന്നും നർമ്മത്തിലൂടെ ആശയം കൈമാറാനുള്ള ഏറ്റവും നല്ല ഉപാദിയാണ് വാഴപ്പഴം എന്നുമാണ് ആർട്ട് മ്യൂസിയത്തിന്റെ ഉടമ പറയുന്നത്. ഒരു വസ്തുവിന്റെ മൂല്യം എങ്ങനെയാണ് നമ്മൾ കണക്കാക്കുന്നത് എന്നതിലേക്കുള്ള ഒരു ദർശനം കൂടിയാണ് ഈ ഇൻസ്റ്റലേഷനെന്നും അദ്ദേഹം പറഞ്ഞു.
അറിയപ്പെടുന്ന കലാകാരനാണ് മൗരിസോ കാറ്റെലൻ. ഇദ്ദേഹത്തിന്റെ പല ഇൻസ്റ്റലേഷനുകളും നേരത്തെയും വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബ്രിട്ടനിലെ ബ്ലെൻഹേം കൊട്ടാരത്തിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വർണ കക്കൂസ് എന്ന ഇൻസ്റ്റലേഷൻ ഈ വർഷമാദ്യം മോഷണം പോയിരുന്നു.