വിതുര: വിതുരയിലെ ചിറ്റാർ പാലത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. തിരുവനന്തപുരം- നെടുമങ്ങാട്- പൊന്മുടി സംസ്ഥാന പാതയിലെ ചിറ്റാറിൽ പുതിയ പാലം ഉടൻ നിർമ്മിക്കും. ഇതിനായി 8.70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. 1904 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് നിർമ്മിച്ചതാണ് നിലവിലെ പാലം. കനത്ത മഴയിൽ ഉണ്ടാകുന്ന കുത്തൊഴുക്ക് പാലത്തിന്റെ ബലക്ഷയത്തിന് വലിയ ഭീഷണിയായിരുന്നു. ഈ അപകട സാഹചര്യവും സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതും കണക്കിലെടുത്താണ് പുതിയ പാലം നിർമ്മിക്കൻ തീരുമാനിച്ചത്. പൊൻമുടി, ബോണക്കാട് വനാന്തരത്തിൽ ശക്തമായ മഴ പെയ്യുമ്പോൾ മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയും ചിറ്റാർ പാലം വെള്ളത്തിൽ മുങ്ങുന്നതും പൊൻമുടി-വിതുര റൂട്ടിൽ ഗതാഗതം നിലയ്ക്കുന്നതും പതിവായിരുന്നു. ചിറ്റാറിലെ പാലം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശബരീനാഥൻ എം.എൽ.എയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇത് സംബന്ധിച്ച് പുതിയ പാലം വേണമെന്ന ആവശ്യം എം.എൽ.എ നിയമസഭയിലും ഉന്നയിച്ചിരുന്നു.
പാലം നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടിയാണ് ആദ്യ ഘട്ടത്തിൽ നടത്തുക. അവ പൂർത്തിയായാലുടൻ സാങ്കേതി അനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കി ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് എം.എൽ.എ അറിയിച്ചു. സ്ഥലം വിട്ടുനൽകുന്നതുൾപ്പടെ എല്ലാ കാര്യങ്ങളിലും ജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണെന്നും എം.എൽ.എ അറിയിച്ചു.