തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്കെതിരായ ആരോപണങ്ങളിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആ തീരുമാനങ്ങളെല്ലാം യഥാർത്ഥത്തിൽ സർവകലാശാലകളുടേത് മാത്രമാണ്. ഇക്കാര്യം ഗവർണർക്ക് ബോദ്ധ്യമായിട്ടുണ്ടെന്നാണ് താൻ മനസിലാക്കുന്നത്. മറ്റ് അബദ്ധങ്ങൾ എന്തെങ്കിലും ചെയ്തതായി കാണുന്നില്ല. ഉണ്ടെങ്കിലത് തിരുത്തിക്കും.

കൊറിയയിലെ പുക്യോങ് സർവകലാശാലയുമായി സഹകരിച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലന പരിപാടി തയ്യാറാക്കും. ആയുർവേദ രംഗത്ത് സഹകരിക്കുന്നതിനുള്ള താത്പര്യവും പുക്യോങ് സർവകലാശാല പ്രകടിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ജപ്പാനിലെ ഒസാക്ക യൂണിവേഴ്സിറ്റിയിൽ നിന്നു സാൻഡ്‌വിച്ച് കോഴ്സ് ചെയ്യാൻ സൗകര്യമൊരുക്കാൻ അവർ താത്പര്യമറിയിച്ചു. ഷിമാനെ യൂണിവേഴ്സിറ്റി കുസാറ്റുമായി ചേർന്ന് 4+2 വർഷത്തിന്റെ, രണ്ടു യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദം ലഭിക്കുന്ന തരത്തിലുള്ള കോഴ്സ് ആരംഭിക്കാനും തീരുമാനമായി. കേരളത്തിൽ ആറു മാസവും ജപ്പാനിൽ ആറു മാസവും എന്ന വിധത്തിൽ ഒരു വർഷത്തെ ബിരുദാനന്തര സർട്ടിഫിക്കറ്റ് പ്രോഗ്രാം കുസാറ്റുമായി ചേർന്ന് ആരംഭിക്കും.

കേരളത്തിന്റെ 2 കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ജാപ്പനീസ് ഭാഷാ കോഴ്സ് തുടങ്ങാൻ അസോസിയേഷൻ ഫോർ ഓവർസീസ് ടെക്നിക്കൽ സ്‌കോളർഷിപ്പ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.