വിതുര: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ പാണ്ടിക്കാറ്റിനെ തുടർന്ന് തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. തൊളിക്കോട് പുളിച്ചാമല പരപ്പാറ ദീപു ഭവനിൽ ദീപുവിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. സംഭവസമയത്ത് ദീപുവും, ഭാര്യഅശ്വതിയും, മക്കളായ അതുലും, അക്ഷയും വീട്ടിലുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാത്തെ രക്ഷപ്പെട്ടു. മേൽക്കൂര തകർന്ന് ഒാട് മുഴുവൻ ഇളകി വീടിനുള്ളിൽ വീണു. ഭിത്തിയും തകർന്നു. ദീപുവിന്റെ അമ്മ സുശീലാദേവി കിടക്കുന്ന മുറി പൂർണമായും തകർന്നു. സംഭവ ദിവസം ശബരിമലക്ക് പോകുന്നതിനായി സുശീലാദേവി മകളുടെ വീട്ടിലേക്ക് പോയിരുന്നു. പുളിച്ചാമല, പരപ്പാറ മേഖലയിൽ പാണ്ടിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ട്. പഞ്ചായത്തിലും,വില്ലേജാഫീസിലും പരാതി നൽകിയിട്ടുണ്ട്.