thief

ഇൻഡോർ: ആരുടെയും കണ്ണിൽപ്പെടാതെ കഷ്ടപ്പെട്ട് പൂട്ടുപൊളിച്ചാണ് മോഷണത്തിനായി വീട്ടിനുള്ളിൽ കയറിയത്. വീടുമുഴുവൻ അരിച്ചുപെറുക്കിയെങ്കിലും ഒന്നുംലഭിച്ചില്ല. ഏതുകള്ളനായിരുന്നാലും ദേഷ്യം വരും. മദ്ധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ ആദർശ് നഗീൻ നഗറിലെ സർക്കാർ എൻജിനീയറായ പർവേഷ് സോണിയുടെ വീട്ടിൽ കയറിയ കള്ളനും ഇത്തരത്തിൽ ദേഷ്യംതോന്നി. തന്റെ രോഷം വീട്ടുടമസ്ഥനെ അറിയിക്കാൻ കത്തെഴുതിവച്ചിട്ടാണ് കള്ളൻ സ്ഥലം വിട്ടത്. ഇതുപോലൊരു പിശുക്കൻ ഇൗ ഭൂലോകത്തിൽ ഉണ്ടാവില്ല. ജനാല തകർക്കാനെടുത്ത അദ്ധ്വാനത്തിന് പോലും ഒന്നും കിട്ടിയില്ല. എന്റെ ഈ രാത്രി നശിപ്പിച്ചു. വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽ കരുതൂ-ഇതാതിരുന്നു കത്തിന്റെ ഉള്ളടക്കം.

മോഷണം നടക്കുമ്പോൾ പർവേഷ് വീട്ടിലില്ലായിരുന്നു. തൊട്ടടുത്ത വീടുകൾ ജഡ്ജിയുടെയും ജോയിന്റ് കളക്ടറുടെയുമാണ്. രാവിലെ വീട്ടിലെത്തിയ വീട്ടുജോലിക്കാരനാണ് കള്ളന്റെ കുറിപ്പ് കണ്ട് പൊലീസിനെ വിവരമറിയിച്ചത്. വീട്ടിലെ മുഴുവൻ മേശകളും അലമാരകളും കുത്തിത്തുറന്ന നിലയിലായിരുന്നു. ക്ലോസറ്റുകളും തകർത്തിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന ഡയറിയിലാണ് കള്ളൻ തന്റെ നിരാശ എഴുതിവെച്ചത്. ജോലി സംബന്ധമായി പുറത്തായതിനാൽ സോണി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കുറിപ്പിലെ കൈയക്ഷരം വിശദമായി പരിശോധിക്കുകയാണ്.