തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു ഡെപ്യൂട്ടി തഹസിൽദാറിനെതിരെ പോക്‌സോ കേസ് ചുമത്തിയ സംഭവത്തിന് പിന്നിൽ രണ്ടാം ഭാര്യയാണെന്നും അദ്ദേഹത്തെ കേസിൽ കുടുക്കിയതാണെന്നും സഹോദരിയും മൂത്ത മകളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആദ്യ ഭാര്യ 2013ൽ പൊള്ളലേറ്റ് മരിച്ച ശേഷം 2015ൽ ഇദ്ദേഹം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ആദ്യവിവാഹത്തിലെ രണ്ട് പെൺകുട്ടികളെയും രണ്ടാം ഭാര്യ ഉപദ്രവിക്കുമായിരുന്നു. രണ്ടാംഭാര്യയ്‌ക്ക് ആദ്യ ഭർത്താവിൽ ഒരു മകനുണ്ട്. രണ്ടാം ഭാര്യയും മകനും ചേർന്ന് രണ്ട് പെൺകുട്ടികളെയും മർദ്ദിക്കുന്നത് പതിവായതിനെ തുടർന്ന് മൂത്തകുട്ടി ഡെപ്യൂട്ടി തഹസിൽദാരുടെ സഹോദരിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഇളയ മകളെ ഇയാൾ പീഡിപ്പിച്ചെന്ന് രണ്ടാംഭാര്യ കള്ളക്കഥ മെനയുകയാണുണ്ടായത്. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ആരോപണം ഉന്നയിപ്പിച്ചത്. സ്വത്ത് തട്ടിയെടുക്കാനാണ് രണ്ടാംഭാര്യ ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ മൂത്തമകളും സഹോദരിയും ആരോപിച്ചു. വിഷയം ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി തഹസിൽദാർ പാങ്ങോട് പൊലീസിലും, മൂത്തമകളും സഹോദരിയും ബാലാവകാശ കമ്മിഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ അറിയിച്ചു.