പാലോട്: പാലോട് സർക്കാർ ആശുപത്രിയിൽ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വൻ വികസന പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു. ആദിവാസിമേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ഈ സർക്കാർ ആശുപത്രിയുടെ വികസനത്തിന് ത്രിതല പഞ്ചായത്ത് രണ്ട് കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനത്തിനുള്ള കെട്ടിടം ഉടൻ രോഗികൾക്ക് തുറന്നുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിനുള്ള നടപടികളും പൂർത്തിയായി. ഒപ്പം ആദിവാസി മേഖലയിലെ അത്മഹത്യകളുടെ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും ഡി അഡിക്ഷൻ യൂണിറ്റ് ആരംഭിക്കുന്നതിനായി 38 ലക്ഷം രൂപയും അനുവദിച്ചു. ഇതിൽ നിന്നും 8 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങളും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഈ വിഭാഗം ചികിത്സയ്ക്കായി തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാകും.
ഇവിടെയുണ്ട്
ഫീമെയിൽ വാർഡിനോട് അനുബന്ധിച്ചുള്ള കുട്ടികളുടെ വിഭാഗത്തിൽ ലിഫ്റ്റ് സജ്ജീകരണങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിലേക്കായി ബയോ ഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും സോവനം ഉറപ്പാക്കുന്ന 7 ഡോക്ടർമാർ ഇവിടെയുണ്ട്. ആരോഗ്യ ഇൻഷ്വറൻസുമായി എത്തുന്ന രോഗികൾക്കായി പ്രത്യേകം കൗണ്ടറും ഉണ്ട്. മികച്ച സൗകര്യങ്ങളോടുകൂടിയ പേ വാർഡും രോഗികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.