നെടുമങ്ങാട് : കരകുളം സമഭാവന റസിഡന്റ്‌സ് അസോസിയേഷനും നന്ദിയോട് പഞ്ചായത്തിലെ ഗ്രാമീണ കർഷകരും കൈകോർത്ത് കരകുളം പാലം ജംഗ്‌ഷനിൽ ആരംഭിച്ച സൺഡേ മാർക്കറ്റ് 50-ാം ചന്ത ആഘോഷിക്കുന്നു. തൃക്കാർത്തികയോടനുബന്ധിച്ച് ഇന്ന് വിപുലമായ വിഭവങ്ങൾ ഉണ്ടാകും. കഴിഞ്ഞ ഡിസംബർ 30 ന് നന്ദിയോട് കൃഷി ഓഫീസർ എസ്.ജയകുമാർ മുൻകൈ എടുത്ത് ഞായറാഴ്ചകളിൽ ആരംഭിച്ച ജൈവച്ചന്ത ഇപ്പോൾ നാട്ടുകാർക്ക് ഒഴിച്ച് കൂട്ടാൻ പറ്റാത്ത ഒന്നായി. തലസ്ഥാന നഗരത്തിൽ നിന്നു ജൈവ ഉത്പന്നങ്ങൾ വാങ്ങാനായി ജനപ്രതിനിധികളും വിവിധ വകുപ്പ് തലവന്മാരുമടക്കം ചന്ത സന്ദർശിക്കുന്നത് പതിവാണ്.ശരാശരി പതിനയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ രണ്ടര മണിക്കൂറത്തെ വഴിയോരച്ചന്തയിൽ വിറ്റുവരവുണ്ട്.പ്രതികൂല കാലാവസ്ഥയ്ക്കിടയിലും ചന്ത മുടങ്ങാതിരിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.കരകുളത്തെ വിജയകരമായ വഴിയോരച്ചന്തയെ മാതൃകയാക്കി നെടുമങ്ങാട് താലൂക്കിൽ വിവിധ പ്രദേശങ്ങളിൽ ആഴ്ച ചന്തകൾ ആരംഭിച്ചതും ഇക്കാലയളവിൽ ശ്രദ്ധേയമായിരുന്നു. ഇടനിലക്കാരില്ലാതെ കർഷകരും കർഷകനും ഉപഭോക്താവും മാത്രം ഒരുമിക്കുന്ന കരകുളത്തെ സൺഡേ മാർക്കറ്റ് വലിയ മാതൃകയും പ്രചോദനവുമാണെന്ന് സമഭാവന റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു.ജൈവ ഉത്പന്നങ്ങൾ ആവശ്യമുള്ളവർക്ക് മുൻകൂട്ടി അസോസിയേഷനിൽ രജിസ്റ്റർ ചെയ്യാം.ഫോൺ : 9846992210, 9446175596.