ഒന്നരവർഷം മുമ്പ് ലോകം മുഴുവൻ ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും ഉറ്റുനോക്കിയ പതിനാറ് ദിവസങ്ങളെ വീണ്ടെടുക്കുകയാണ് തായ്ലാന്റ് സംവിധായകനായ ടോം വാലർ. ഉത്തര തായ്ലാന്റിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും പരിശീലകരെയും പുറത്തെത്തിച്ച അത്യന്തം സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെ സിനിമാവിഷ്‌കാരമാണ് 'ദി കേവ്'.കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ രണ്ടാംദിനം കാണികൾ സഹർഷം ഏറ്റെടുത്ത 'ദി കേവ്' പ്രതിസന്ധികൾക്കുമുന്നിൽ മനുഷ്യർ ധീരമായി എടുക്കുന്ന തീരുമാനങ്ങളെയും മനുഷ്യജീവന്റെ മഹത്വത്തെയും ഓർമ്മപ്പെടുത്തുന്നു.
104 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലേക്ക് ഇൗ സമയംകൊണ്ട് കടന്നുചെല്ലാൻ സിനിമയ്ക്കാകുന്നു. രക്ഷാപ്രവർത്തന സമയത്തെ സകല വികാരങ്ങളെയും കാണികൾക്ക് അനുഭവവേദ്യമാക്കുന്നതിലും ടോം വാലറും സംഘവും വിജയിക്കുന്നു.
തായ്ലാന്റ് സംഭവത്തെ അധികരിച്ച് ആദ്യമായി പുറത്തിറങ്ങിയ സിനിമയാണ് 'ദി കേവ്. ബുസാൻ, വാൻകുവർ, ബി.എഫ്.ഐ ലണ്ടൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം നവംബർ 21നാണ് തായ്ലാന്റിൽ റിലീസ് ചെയ്തത്.