pinarayi-vijayan-

തിരുവനന്തപുരം: നൂറുകണക്കിന് കോടിയുടെ നിക്ഷേപം ജപ്പാനിൽ നിന്ന് കേരളത്തിലേക്കെത്തുമെന്ന് ഉറപ്പാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജപ്പാനിലെ ആദ്യയോഗത്തിൽ തന്നെ 200കോടിയുടെ നിക്ഷേപം ഉറപ്പാക്കി. കേരളത്തിലെ യുവജനതയുടെ ഭാവി മുന്നിൽ കണ്ട് നടത്തിയതാണ് ജപ്പാൻ, കൊറിയ പര്യടനം. വിമർശനങ്ങൾക്ക് വെറുതേ മറുപടി പറയാനില്ല, ജപ്പാൻ, കൊറിയ പര്യടനനേട്ടങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ കൂടിക്കാഴ്ചയും നമ്മുടെ യുവാക്കൾക്ക് ഗുണകരമായി ഭവിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തി. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസവും നൈപുണ്യ വികസനവും അതിലൂടെയുണ്ടാവുന്ന തൊഴിലുകളും കേരളത്തിലെ യുവാക്കൾക്ക് ഉറപ്പുവരുത്താനുള്ള ഇടപെടലുകളാണ് ഈ യാത്രയുടെ ഫലമായി കൈക്കൊണ്ടത്.

കൊറിയൻ നിക്ഷേപകരുടെ താത്പര്യം

ഐ.ടി, എൽ.ഇ.ഡി നിർമ്മാണം, ഓട്ടോമൊബൈൽ കംപോണേന്റ്സ്, ഭക്ഷ്യ സംസ്കരണം, ഇടത്തരം ചെറുകിട വ്യവസായങ്ങൾ, ലോജിസ്റ്റിക്സ്, സപ്ലെ ചെയിൻ തുടങ്ങിയ മേഖലകളിലിൽ നിക്ഷേപിക്കാനാണ് കൊറിയയിൽ നിന്നും നിക്ഷേപകർ താത്പര്യമറിയിച്ചത്.

പ്രധാന നേട്ടങ്ങൾ: ജപ്പാൻ:

- നീറ്റ ജെലാറ്റിൻ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ 200 കോടി രൂപ കൂടി നിക്ഷേപിക്കാൻ തീരുമാനിച്ചത് മാറിയ നിക്ഷേപ സൗഹാർദ്ദാന്തരീക്ഷത്തിന് അംഗീകാരം.

- ടെറുമോ പെൻപോളിൽ ടെറുമോ കോർപറേഷന്റെ 105 കോടി രൂപയുടെ നിക്ഷേപം. ലോകത്തിനാവശ്യമായ ബ്ലഡ് ബാഗുകളുടെ പത്തു ശതമാനം കേരളത്തിൽ ഉത്പാദിപ്പിക്കാനാവും.

-തോഷിബയുമായി ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് (എൽ.ടി.ഒ) ബാറ്ററി സാങ്കേതിക വിദ്യ കൈമാറ്റത്തിന് താത്പര്യപത്രം. സ്വിസ് കമ്പനിയായ ഹെസ്സുമായി ചേർന്ന് നിർമ്മിക്കുന്ന ഇലക്ട്രിക് ബസുകളിലും കൊച്ചി വാട്ടർ മെട്രോ ഉൾപ്പെടെയുള്ള ജലഗതാഗത സംവിധാനങ്ങളിലും എൽ.ടി.ഒ ഇലക്ട്രിക് ബാറ്ററി.

-ഭാവിയുടെ ഇന്ധനമായ ഹൈഡ്രജൻ ഫ്യൂൽ സെൽ ഫാക്റ്ററിക്കായി ടൊയോട്ടയുമായി ലെറ്റർ ഓഫ് ഇന്റന്റ്.

-എറണാകുളത്തെ പെട്രോകെമിക്കൽ കോംപ്ലെക്സിൽ ജി.എസ് കാൾടെക്സ് കോർപറേഷന്റെ ലൂബ്രിക്കന്റ് ബ്ലെൻഡിംഗ് യൂണിറ്റ്.

- ഐ.ടിയിലും, ആയുർവേദത്തിലും, ചെറുകിട ഇടത്തരം വ്യവസായങ്ങളിലും നിക്ഷേപ സാദ്ധ്യത നേരിട്ട് മനസിലാക്കാൻ ജപ്പാനിലെ സനിൻ പ്രവിശ്യയിൽ നിന്നു 5 മേയർമാർ അടങ്ങുന്ന സംഘമെത്തും.

- ഹ്യുണ്ടായിയുടെ വാഹന പാർട്സ് സപ്ലയറായ എൽ.കെ ഹൈടെക് പുതിയ മാനുഫാക്ചറിംഗ് യൂണിറ്റിന് പാലക്കാട് 15,000 ചതുരശ്ര അടി സ്ഥലം ചോദിച്ചു.

-നമ്മുടെ തുറമുഖങ്ങളും ഹാർബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ ബുസാൻ പോർട്ട് അതോറിറ്റിയുമായി ധാരണാപത്രം.


- ജനുവരിയിൽ കൊച്ചിയിൽ നടത്തുന്ന 'അസെൻഡ് 2020' നിക്ഷേപസംഗമ പരിപാടിയിൽ ജപ്പാനിലെയും കൊറിയയിലെയും കമ്പനികൾ പങ്കെടുക്കും.