ബംഗാളിൽ നിന്ന് പതിവുപോലെ വിദ്യാർത്ഥി ചാറ്റർജി ഇക്കൊല്ലവും ഐ.എഫ്.എഫ്.കെയിൽ ഡെലിഗേറ്റായി രജിസ്റ്റർ ചെയ്ത്, ക്യൂവിൽ നിന്ന് സിനിമ കാണാൻ, തർക്കിക്കാൻ, സിനിമ മോശമെങ്കിൽ വാക്കൗട്ട് നടത്താൻ കേരളത്തിലെത്തിയിട്ടുണ്ട്. അക്കാദമിയുടെ സ്ഥിരം ക്ഷണിതാക്കളും സ്വന്തം സിനിമകൾ കാണിക്കുന്നതിനാൽ അക്കാദമി ചെലവിൽ എത്തിയിട്ടുള്ളവരും വേറെയുമുണ്ട്. സായിപ്പിനോട് സങ്കോചമില്ലാതെ ഇംഗ്ളീഷ് സംസാരിക്കാൻ കേരളത്തിൽ വേറെയാരുമില്ല എന്ന് ഇടതുമുന്നണിയേയും വലത് മുന്നണിയേയും ഒരുപോലെ ബോദ്ധ്യപ്പെടുത്തി മുന്നേറുന്ന ആർട്ടിസ്റ്റിക് ഡയറക്ടറാണ് ശരിക്കും ഐ.എഫ്.എഫ്.കെയുടെ മനസും മുഖവും എന്നത് ഒരു നല്ല കാര്യമാണെന്നാണ് ഞാൻ ഇന്നലെ വരെ വിചാരിച്ചിരുന്നത്. ചില വീണ്ടുവിചാരങ്ങൾ വേണ്ടിവന്നിരിക്കുന്നു.
കൊൽക്കത്ത മേള മമതാബാനർജിക്കും മുൻപ് അതിഭീകരമായി അധികാര കേന്ദ്രീകൃതമായിരുന്നു. സഖാക്കൾ സർവവും കൈയടക്കി വാണിരുന്ന കാലം. മമതാ ബാനർജി എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞ് മേളയെ ജനകീയമാക്കാൻ നോക്കിയപ്പോൾ അത് അഴിഞ്ഞാട്ടത്തിലേക്കാണ് ഇഴഞ്ഞെത്തിയത്. ബംഗാളിന്റെ രാഷ്ട്രീയം പോലെതന്നെ. സമ്പൂർണ സമഗ്രാധിപത്യത്തിൽ നിന്ന് അലമ്പിന്റെ ആൾക്കൂട്ടവീഥികളിലേക്ക് മേളയും മാറിപ്പോയി.
മമതാ ബാനർജി ഒരു ഒറ്റയാൾപ്പട്ടാളമായി ആഞ്ഞടിച്ചെത്തിയ നന്ദിഗ്രാം പ്രക്ഷോഭകാലത്ത് നടന്ന മേളയിൽ പൊലീസിന്റെ അടിയും ഇടിയും ഏറ്റ് വാനിലേക്ക് തൂക്കിയെറിയപ്പെട്ടവരിൽ ഒരാൾ വിദ്യാർത്ഥി ചാറ്റർജി ആയിരുന്നു. നന്ദിഗ്രാം കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രബുദ്ധ ബംഗാളി സമൂഹം ബുദ്ധദേവ് ഭട്ടാചാര്യയുടെ ചലച്ചിത്രോത്സവം ബഹിഷ്കരിച്ച്, മേളയുടെ ആസ്ഥാനമായ നന്ദൻ കോംപ്ളക്സിന് മുൻപിൽ പ്രകടനം നടത്തിയപ്പോൾ ഡെലിഗേറ്റുകളേയും അല്ലാത്തവരെയും പൊലീസ് ഒാടിച്ചിട്ട് തല്ലി. നൂറുകണക്കിന് വിദ്യാർത്ഥി ചാറ്റർജിമാർ അടികൊള്ളുന്ന യാതൊരു വിവരവും അറിയാതെ ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രത്യേക ക്ഷണിതാവായി നന്ദൻ കോംപ്ളക്സിൽ താമസിച്ചിരുന്ന ഒരു അർജന്റീനിയക്കാരൻ തിരുവനന്തപുരത്തും എത്തുന്നുണ്ട്. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഏറ്റുവാങ്ങാൻ എത്തുന്ന ഫെർണാണ്ടോ സൊളാനസ്.അർജന്റീനയുടെ പഴയ തീപാറും ചലച്ചിത്രകാരനും സെനറ്ററും ഒക്കെയായ ഫെർണാണ്ടോ സൊളാനസ് അന്ന് ബുദ്ധദേവ് ഭട്ടാചാര്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു. സെക്യൂരിറ്റി വലയം ഭേദിച്ച് അയാൾ തെരുവിലെ തിളച്ചുമറിയുന്ന രാഷ്ട്രീയം മനസിലാക്കി പൊട്ടിത്തെറിച്ചു.
ആർട്ടിസ്റ്റിക് ഡയറക്ടർ ഉള്ളതിനാൽ ഇടതുപക്ഷക്കാലത്ത് ഫെർണാണ്ടോ സൊളാനസിനെപ്പോലെ അനുയോജ്യനായ ഒരാളെ പൊടിതട്ടി പുറത്തെടുത്ത് ആദരിക്കാൻ കഴിയുമ്പോലെ തന്നെ വളരെ പ്രാധാന്യമേറിയ ഒരു പഴഞ്ചൻ ചോദ്യം ചോദിക്കുക മാത്രമേ ഉദ്ദേശ്യമുള്ളൂ. സിനിമയിൽ സ്രഷ്ടാക്കളും വ്യാഖ്യാതാക്കളും ഉണ്ട്. അങ്ങനെ ഒരു വ്യാഖ്യാതാവ് ഉറക്കം തൂങ്ങാതെ കണ്ടിരുന്നതു കൊണ്ടാണ് 'പഥേർ പാഞ്ചാലി"യെ ലോകമറിഞ്ഞത്. ആഗോളീകരണ കാലത്ത് ആഫ്രിക്കയിൽ നിന്നോ ലാറ്റിനമേരിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ ഉള്ള ഒരു ഫിലിം മേക്കർക്ക് സായിപ്പിനെ സിനിമ കാണിക്കാൻ ഒരു മൗസ്ക്ളിക്ക് കൊണ്ട് സാധിക്കുന്നതേയുള്ളൂ. എന്നാൽ ഇന്ന് പ്രളയമാണ്. സിനിമകളുടെ പ്രളയകാലമാണ്. ഡിജിറ്റൽ യുഗത്തിൽ ആർക്കും സിനിമയെടുക്കാം. പക്ഷേ അതിതീവ്രമായ ആത്മാവിഷ്കാരങ്ങൾക്കും ചന്തസിനിമകൾക്കും ഇടയിൽ എങ്ങനെയാണ് ഒരു വേർതിരിവ്, വേറിട്ട മുഖച്ഛായ, മാർക്കറ്റിംഗ് ടെക്നിക്കുകൾ സാദ്ധ്യമാക്കുക, എല്ലാ താടിക്കാരും തങ്ങളുടേത് മാസ്റ്റർ പീസ് സിനിമയാണെന്ന് വഴിയിൽ തടയുന്ന സായിപ്പിനോടും മദാമ്മയോടും പറഞ്ഞാൽ ഏശുമോ? അവിടെയാണ് വിദ്യാർത്ഥി ചാറ്റർജിയെപ്പോലെ ഐ.എഫ്.എഫ്.കെ മേളയിൽ നിന്ന് എക്കാലവും ഒഴിവാക്കപ്പെടുന്ന വ്യാഖ്യാതാക്കളുടെ ആധികാരികത അടയാളപ്പെടുന്നത്.
അടിസ്ഥാനപരമായി രാഷ്ട്രീയജീവിയല്ലാത്ത ഒരു സിനിമാ വ്യാഖ്യാതാവിനും ഒരു വിധേനയും പിടികൊടുക്കാതെ അലറി നിൽപ്പാണ് ചലച്ചിത്രമെന്ന മാദ്ധ്യമം. അതിന്റെ ജന്മം തന്നെ ചന്തയിൽ സംഭവിക്കുന്നതിനാൽ കങ്കാണികളും മാർക്കറ്റിംഗ് വിദഗ്ദ്ധരും പബ്ളിക് റിലേഷൻസ് അഭ്യാസികളും ഐ.എഫ്. എഫ്.കെയിലും പല രൂപത്തിലും അവതാരങ്ങളിലും സർക്കാർ ക്ഷണിതാക്കളായി എത്തുന്നു. ചലച്ചിത്രത്തെ ചന്തയിൽ നിന്ന് കലയുടെ ഇടത്തിലേക്ക് മാറ്റി നിറുത്തുന്നതിനാണ് നമ്മുടെ മേളയ്ക്ക് ഒരു ആർട്ടിസ്റ്റിക് ഡയറക്ടർ എന്ന പ്രത്യേക തസ്തികയുള്ളത്. ഫെർണാണ്ടോ സൊളാനസ് തീർച്ചയായും വളരെ കൃത്യമായ തിരഞ്ഞെടുപ്പാണ്. എന്നാൽ ചന്ത ചലച്ചിത്രങ്ങൾ എഴുന്നള്ളിക്കപ്പെടുകയും, തീപിടിച്ച സദസുകൾ മേളയ്ക്ക് പുറത്തുള്ള സ്വകാര്യ കൂട്ടായ്മകളിൽ മാത്രം സംഭവിക്കുകയും ചെയ്യുന്നതിൽ എന്തോ കാര്യമായ കുഴപ്പവും പന്തികേടും നിലനിൽക്കുന്നുണ്ട്. ആരോട് പറയാൻ?
( കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലച്ചിത്രകാരനും എഴുത്തുകാരനുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)