കുഴിത്തുറ:ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിടത്തൊഴിലാളിയെ കൊലപെടുത്തിയ ചായക്കടക്കാരൻ പിടിയിൽ. രാജാക്കാമംഗലം സൂരപ്പള്ളം സ്വദേശി കുമാറിനെ (55) കൊലപെടുത്തിയ കേസിൽ സിന്ധുകുമാറിനെ (30) ആണ് അറസ്റ്റു ചെയ്തത്. കന്യാകുമാരി ജില്ലയിലെ രാജാക്കാമംഗലത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. ജോലിക്ക് പോയ കുമാർ രാത്രി മദ്യലഹരിയിൽ സിന്ധുകുമാറിന്റെ ചായക്കടയിൽ പോയിരുന്നു. അവിടെവച്ച് സിന്ധുകുമാറിന്റെ മൊബൈൽ ഫോൺ കാണാതായി. കടയിലെല്ലാം തേടിയ ശേഷം കടയിലുണ്ടായിരുന്ന മറ്റൊരാളുടെ ഫോണിൽ നിന്ന് വിളിക്കവെ കുമാറിന്റെ ഇടുപ്പിൽ നിന്ന് ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് ഇവർ തമ്മിൽ സംഘർഷമുണ്ടാവുകയും അടിയേറ്റ് തറയിൽ വീണ കുമാറിന് തലയിൽ പരിക്കേൽക്കുകയുമായിരുന്നു. ശേഷം കുമാർ വീട്ടിലെത്തി ഉറങ്ങാൻ കിടന്നു.പിറ്റേന്ന് രാവിലെ ഭാര്യ ശാന്തകുമാരി കുമാറിനെ വിളിച്ചുണർത്താൻ എത്തിയപ്പോഴേക്കും മരിച്ച നിലയിൽ കാണുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിചന്ത പൊലീസ് സിന്ധുകുമാറിനെ അറസ്റ്റ് ചെയ്തു.