ആറ്റിങ്ങൽ: പുറമ്പോക്ക് രഹിത ഭവന നഗരസഭയായി ആറ്റിങ്ങൽ ശ്രദ്ധാ കേന്ദ്രമാകുന്നു. എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും സ്വന്തമായി ഭൂമിയുള്ള മാതൃകാ നഗരസഭയും ആറ്റിങ്ങലാണ്. മൂന്നു വർഷം മുമ്പ് പുറമ്പോക്കു ഭൂമിയിൽ താമസിച്ചിരുന്ന എല്ലാ കുടുംബങ്ങളെയും ഘട്ടം ഘട്ടമായി ഭൂമിയും വീടും നൽകി നഗരസഭ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഈ വർഷം നഗരസഭ നടപ്പിലാക്കിയ ഏറ്റവും മാതൃകാപരമായ പദ്ധതിയായിരുന്നു എല്ലാ പട്ടികജാതി കുടുംബങ്ങൾക്കും സ്വന്തമായി ഭൂമി എന്നത്. സംസ്ഥാന പട്ടികജാതി വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പൊതുവിഭാഗത്തിൽപ്പെട്ട എല്ലാപേർക്കും ഭൂമി നൽകുന്നതിനുള്ള നടപടിയും നഗരസഭ സ്വീകരിച്ചു വരികയാണ്. 29 അംഗൻവാടികളിലൂടെ മുന്നൂറോളം കുട്ടികൾക്കും പ്രവേശനം നൽകിയും അമ്മമാരെയും കൗമാരപ്രായക്കാരായ പെൺകുട്ടികളെയും കണ്ടെത്തി അവർക്ക് സർക്കാർ നിഷ്കർഷിക്കുന്ന പോഷകാഹാരം നൽകിയും ശ്രദ്ധ ആകർഷിക്കുകയാണ് ആറ്റിങ്ങൽ. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളോടൊപ്പം താമസിക്കുന്ന സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തി അവർക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ ആശാവർക്കർമാർ മുഖേനയും നഗരസഭയുടെ ആരോഗ്യ വിഭാഗവും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആരംഭിച്ചതായി ചെയർമാൻ എം. പ്രദീപ് പറഞ്ഞു. ഈ വിഭാഗത്തിൽ പെടുന്നവരെ സംബന്ധിച്ചുള്ള വിവരം ലഭിച്ചാൽ അടിയന്തരമായി നഗരസഭയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.