തിരുവനന്തപുരം: പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ മരമുല്ല മരത്തിനു ചുവട്ടിൽ നടന്ന വൃക്ഷചികിത്സ നഗരവാസികൾക്ക് കൗതുകമായി. കോട്ടയം വാഴൂരിലെ കെ.ബിനുവിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. കഴിഞ്ഞയാഴ്ച ട്രിഡാ അധികൃതർ ഈ മരത്തിന്റെ ശിഖരങ്ങളെല്ലാം മുറിച്ചു മാറ്രിയിരുന്നു. ഒരു ശിഖരം ഒടിഞ്ഞു വീണതിനെ തുടർന്ന് നാട്ടുകാരുടെ സുരക്ഷ കണക്കിലാക്കിയാണ് ശിഖരങ്ങൾ വെട്ടിമാറ്രിയത്. താഴെ മുഴുവൻ കോൺക്രീറ്ര് ഇട്ടതുകൊണ്ടായിരിക്കാം ശിഖരം മുറിഞ്ഞതെന്നാണ് അനുമാനം. ഇതോടെയാണ് മരമുല്ലയെ രക്ഷിക്കാൻ എസ്. അനിത ശർമ്മയുടെ നേതൃത്വത്തിലുള്ള ട്രീവാക്ക് പ്രവർത്തകർ മുന്നിട്ടിറങ്ങിയത്. വൃക്ഷ ചികിത്സയ്ക്ക് ട്രിഡ ചെയർമാൻ ജയൻബാബുവും അനുവാദം നൽകി. കദളിപ്പഴം, പശുവിൻ പാൽ , നെയ്യ്, ചെറുതേൻ, ചാണകം, പുറ്രിലെ മണ്ണ്, കണ്ടത്തിലെ മണ്ണ്, എള്ള് തുടങ്ങിയവ ഉപയോഗിച്ചാണ് ആദ്യം ചികത്സയ്ക്കുള്ള മരുന്നു കൂട്ട് ഉണ്ടാക്കിയത്. ഒരാൾ പൊക്കത്തിൽ വൃക്ഷത്തടിയിൽ നിന്ന് തൊലി ഉരിഞ്ഞു മാറ്രിയിരുന്നു. പിന്നീട് ട്രീവാക്ക് പ്രവർത്തകരും നാട്ടുകാരും കാർമൽ സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് വൃക്ഷത്തിൽ ഈ മരുന്ന് ഒട്ടിപ്പിടിപ്പിച്ചു. മനുഷ്യനും മൃഗങ്ങൾക്കും പക്ഷികൾക്കും മാത്രമല്ല വൃക്ഷങ്ങൾക്കും ചികിത്സയുണ്ടെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ കോട്ടയം ഉള്ളായം യുപി.സ്കൂൾ അദ്ധ്യാപകൻ കെ.ബിനു പറഞ്ഞു.ഇതുവരെ 25 മരങ്ങളിൽ മരുന്ന് പരീക്ഷിച്ചു. 24 മരങ്ങളും രക്ഷപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ആണിയടിയേറ്രും മിന്നലേറ്രും തീപിടിച്ചതും ഫംഗസ് രോഗങ്ങൾ വന്നതുമായ നിരവധി മരങ്ങളെയാണ് ബിനു ഇതുവരെ രക്ഷപ്പെടുത്തിയത്.