ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിലെ റെയിൽവേ ആവശ്യങ്ങളിൽ നടപടി ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ഡിവിഷനിലെ പ്രധാന സ്റ്റേഷനായ ചിറയിൻകീഴിലും, കടയ്ക്കാവൂരിലും കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് വേണമെന്ന യാത്രക്കാരുടെ ആവശ്യം അദ്ദേഹം അറിയിച്ചു. പരശുറാം, അമൃത, മാവേലി, പുനലൂർ- കന്യാകുമാരി പാസഞ്ചർ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിരുന്നില്ലെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരത്തു വിളിച്ച എം. പിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഇവയുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ചെയർമാൻ ഉറപ്പു നൽകി. തീർത്ഥാടന കേന്ദ്രങ്ങളായ വർക്കല ശിവഗിരിയും വരാണസിയും ബന്ധിപ്പിച്ച് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.