നെയ്യാറ്റിൻകര: അരുവിപ്പുറത്തു നിന്നും മാരായമുട്ടം വഴിയുള്ള റോഡ് തകർന്നിട്ട് കാലമേറെയായി. മഴയൊന്ന് കനത്ത് പെയ്താൽ ഇതുവഴിയുള്ള റോഡ് ഗതാഗതം പാടെ സ്തംഭിക്കും. ഇതേ പോലെ അമരവിള മുതൽ ഒറ്റശേഖരമംഗലം വരെയുള്ള റോഡുനിർമാണവും പെരുവഴിയിലായി. ബി.എം, ബി.സി ടെക്നോളജിയിൽ അമരവിള മുതൽ ഒറ്റശേഖരമംഗലം വരെ റോഡ് നിർമ്മിക്കാനാണ് ടെൻഡർ ആയതെങ്കിലും സാധാരണ റോഡ് പോലെ നിർമ്മാണം തുടങ്ങിയത് അധികൃതർക്ക് പുലിവാലായി മാറായിരിക്കുകയാണ്.
ഈ മാസാവസാനം ശിവഗിരി തീർത്ഥാടനം തുടങ്ങിയാൽ വലിയ വോൾവോ ബസുകൾ ഉൾപ്പെടെ വരുന്ന പാതയാണ് കുണ്ടും കുഴിയുമായി കിടക്കുന്നത്. തീർത്ഥാടന ദിവസങ്ങളോടടുപ്പിച്ച് അരുവിപ്പുറത്തേക്ക് നെയ്യാറ്റിൻകരയിൽ നിന്നും തീർത്ഥാടന വാഹനങ്ങൾ അമരവിള വഴി വൺവേയായി തിരിച്ചു വിടുകയാണ് പതിവ്. ഇക്കുറി അന്യജില്ലകളിൽ നിന്നുമെത്തുന്ന തീർത്ഥാടനകരും നന്നേകുഴയും. തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.