തിരുവനന്തപുരം: മോഡൽ ഫിനിഷിംഗ് സ്‌കൂളിന്റെ വിവിധ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന സോഫ്റ്റ്‌വെയർ ഡെവലപ്പർ കോഴ്‌സിലേക്ക് ബി.ടെക്ക് (കമ്പ്യൂട്ടർ സയൻസ് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ), ബി.സി.എ/എം.സി.എ/ബി.എസ്.സി/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20 മുതൽ 35 വരെ. കാലാവധി 400 മണിക്കൂർ. അപേക്ഷകർ കോർപ്പറേഷൻ/മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെ എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അസ്സൽ വരുമാന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം.
ദേശീയ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ കീഴിൽ നടപ്പാക്കുന്ന ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ് ടെക്‌നീഷൻ കോഴ്‌സിലേക്കുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്. കാലാവധി 20 മണിക്കൂർ. ഒ.ബി.സി വിഭാഗക്കാരായ അപേക്ഷകർക്ക് വാർഷിക വരുമാനം മൂന്ന് ലക്ഷത്തിന് താഴെയാണെന്ന വരുമാന സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറോ, ഗസ്റ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തണം. അസൽ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജാതി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ വേണം.ഇ.ബി.സി വിഭാഗക്കാരായ അപേക്ഷകർ വാർഷികവരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസറോ, ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ അസൽ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ വേണം. ഡ്രൈവിംംഗ് ലൈസൻസ് അഭികാമ്യം. യോഗ്യതാ രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും ഹാജരാക്കണം.
പ്രായഭേദമന്യേ താൽപ്പര്യമുള്ളവർക്ക് റോബോട്ടിനെ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള പ്രോഗ്രാമിംഗ്, അസംബ്ലിംഗ്, ഹാർഡ്‌വെയർ ഡിസൈനിംഗ് എന്നിവ 30 മണിക്കൂർ കൊണ്ട് മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ പഠിക്കാം. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 30 പേർ ഉണ്ടെങ്കിൽ അവരുടെ സ്ഥാപനങ്ങളിൽ ചെന്ന് ക്ലാസ് എടുക്കും. ഫീസ് 5,000 രൂപയും ജി.എസ്.ടിയും. സാങ്കേതിക ബിരുദധാരികളെ ജോലി നേടാൻ പ്രാപ്തരാക്കുന്ന ജാവ, പൈതൺ, വിദേശ ഭാഷാ പരിശീലനവും (ഫോറിൻ ലാംഗ്വേജ്-ഫ്രഞ്ച്, ജർമ്മൻ,റഷ്യൻ ഭാഷകൾ) മോഡൽ ഫിനിഷിംഗ് സ്‌കൂൾ വഴി നടപ്പാക്കുന്നു.താത്പര്യമുള്ളവർ തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്രസാങ്കേതിക മ്യൂസിയം ക്യാമ്പസിനകത്തുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ നേരിട്ട് ബന്ധപ്പെടണം. ഫോൺ: 0471-2307733, 8547005050.