തിരുവനന്തപുരം: ചലച്ചിത്രോത്സ വേദികളിൽ ആൾക്കൂട്ടത്തിനു നടുവിലെ ആ പുഞ്ചിരി ഈ മേളയ്ക്ക് നഷ്ടമായിരിക്കുന്നു. ഒരിക്കൽ പരിചയപ്പെടുന്ന എല്ലാവരോടും നിലാവു പോലെ ചിരിച്ച് എപ്പോഴും സൗഹൃദക്കൂട്ടത്തിനു നടുവിൽ നിന്നിരുന്ന സംവിധായിക കൂടിയായ നയനാ സൂര്യന്റെ വേർപാട് ഇപ്പോൾ അവളുടെ ആത്മമിത്രങ്ങളുടെ മാത്രം വേദനയാണ്. മറ്റുള്ളവർ അവളെ മറന്നതുപോലെ...
ആ ചിരി കഴിഞ്ഞ ഫെബ്രുവരി 24 നാണ് അസ്തമിച്ചത്. അന്ന് അവളുടെ 29-ാം പിറന്നാളായിരുന്നു. നയനയുടെ തലസ്ഥാനത്തെ ഇഷ്ടസ്ഥലമായ മാനവീയം വീഥിയിൽ അന്ന് മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ കൂട്ടുകാരും പരിചിതരുമെല്ലാം കണ്ണീരുമായി ഓടിയെത്തി. ഇപ്പോൾ ചലച്ചിത്രോത്സവത്തിന്റെ കവാടം കടന്നുവരുന്ന കൂട്ടുകാരുടെ മനസിലേക്ക് അവളുടെ ചിരി ഒരു വേദനയായി പടർന്നുകയറുന്നു.
വെറുതെ സിനിമ കാണാനായിരുന്നില്ല എല്ലാ മേളകൾക്കും നയന എത്തിയിരുന്നത്. അവളുടെ ഉള്ളു നിറയെ സിനിമയായിരുന്നു. ക്രോസ് റോഡ് എന്ന സിനിമാ പരമ്പരയിലെ 'പക്ഷിയുടെ മണം' എന്ന ചെറു സിനിമ സംവിധാനം ചെയ്ത് പ്രതിഭ തെളിയിച്ചതാണ്. ലെനിൻ രാജേന്ദ്രൻ, കമൽ, ഡോ. ബിജു, ജീത്തു ജോസഫ് എന്നിവർക്കൊപ്പവും സംവിധാന സഹായിയായിരുന്നു. നിരവധി പരസ്യചിത്രങ്ങളും സ്റ്റേജ് ഷോകളും നയന ഒരുക്കി. വലിയ സിനിമയ്‌ക്കായുള്ള ഒരുക്കം ആരംഭിച്ചതുമാണ്.
സിനിമാ മോഹമാണ് ആലപ്പാട്ടെ തീരപ്രദേശത്തു നിന്ന് നയനയെ തലസ്ഥാനത്ത് എത്തിച്ചത്. ലെനിൻ രാജേന്ദ്രൻ സിനിമകളോടായിരുന്നു കടുത്ത ആരാധന. 'മീനമാസത്തിലെ സൂര്യ'നോടുള്ള ഇഷ്ടമാണ് പേരിൽ സൂര്യൻ ചേർക്കാനുള്ള കാരണം. മകരമഞ്ഞ് മുതൽ ലെനിൻ സിനിമകളുടെ സഹായിയായിരുന്നു. തിരുവനന്തപുരത്തെ ബദൽ സിനിമാ കൂട്ടായ്മകളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
ലെനിൻ രാജേന്ദ്രന്റെ മൃതശരീരം ചലച്ചിത്ര അക്കാഡമിക്കു മുമ്പിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് നിന്ന നയന സൂര്യനെ സുഹൃത്തുക്കക്ക് മറക്കാൻ കഴിയില്ല. ഗുരുവിന്റെ മരണത്തിന്റെ നാൽപത്തിയൊന്നാം നാളിൽ വഴുതക്കാട്ടെ വീട്ടുമുറിയിൽ അവളെ ചേതയറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
''അവളുടെ മരണം ഇപ്പോഴും ഞങ്ങളെ വേട്ടയാടുന്നുണ്ട്.ഒരു കരുതലിന്റെ കരുത്ത് അവൾക്ക് ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഇവിടെ അവളുണ്ടാകുമായിരുന്നു''- സുഹൃത്തുക്കളിൽ ഒരാളായ മാവേലിക്കരക്കാരാൻ രാജഷ് പറഞ്ഞു.