തിരുവനന്തപുരത്ത് ഇന്ന് മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: ഇനിയുള്ള മണിക്കൂറുകളിൽ മഴദൈവങ്ങളോട് ഉള്ളുരുകി പ്രാർത്ഥനയിലായിരിക്കും ക്രിക്കറ്റ് ആരാധകർ. സൂപ്പർ ഫോമിലുള്ള ഇന്ത്യയും വിൻഡീസും ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ രസംകൊല്ലിയായി മഴ വരരുതേയെന്നാണ് പ്രാർത്ഥന. ഇന്ന് പകൽ തിരുവനന്തപുരത്ത് മഴപെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ വൈകിട്ട് തലസ്ഥാനത്ത് മഴ തിമിർത്തുപെയ്തിരുന്നു. മുൻ വർഷങ്ങളിൽ കാര്യവട്ടത്തെ മത്സരങ്ങളെല്ലാം മഴയിൽ കുതിർന്നിരുന്നു. ആരാധകരുടെ പ്രാർത്ഥനയിൽ മഴമേഘങ്ങൾ അകന്ന് കാര്യവട്ടത്ത് റൺമഴ പെയ്യുമെന്നാണ് പ്രതീക്ഷ. കാര്യവട്ടത്തെ മൂന്നാമത് രാജ്യാന്തര മത്സരമാണ് ഇന്നത്തേത്.
പച്ചവിരിച്ച സ്റ്റേഡിയത്തിലെ അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായി. മത്സരത്തിനായി രണ്ടും പരിശീലനത്തിന് നാലും വിക്കറ്റുകളൊരുക്കിയിട്ടുണ്ട്. മാണ്ഡ്യയിൽ നിന്നെത്തിച്ച കളിമണ്ണുകൊണ്ട് നിർമ്മിച്ച പിച്ചിൽ റണ്ണൊഴുകും. ശക്തമായ മഴ പെയ്താലും തോർന്നാൽ അരമണിക്കൂറിനകം കളി തുടങ്ങാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഇന്ത്യ-ന്യൂസിലാൻഡ് ട്വിന്റി-20യിൽ മഴ തിമിർത്തുപെയ്തിട്ടും വളരെ പെട്ടെന്നുതന്നെ സ്റ്റേഡിയം മത്സരത്തിന് സജ്ജമാക്കാനായി. എട്ട് ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ആറു റൺസിന് വിജയിച്ചിരുന്നു. മഴപെയ്താലും വെള്ളം ഒപ്പിയെടുക്കാനുള്ള സൂപ്പർസോപ്പർ അടക്കമുള്ള സംവിധാനങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. മഴയുണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. 50 ഗ്രൗണ്ട് സ്റ്റാഫിനെയും ഗ്രൗണ്ട് പൂർണമായും മൂടാൻ ആവശ്യമായ കവറുകളും സജ്ജീകരിച്ചിട്ടുണ്ട്.
മഫ്തിയിലടക്കം ആയിരം പൊലീസുകാരുടെ സുരക്ഷാ കവചമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസിന്റെ പ്രത്യേക ക്രമീകരണങ്ങളുണ്ടാവും. അടിയന്തര സാഹചര്യം നേരിടാൻ ആംബുലൻസുകൾ അടക്കമുള്ള മുൻകരുതലുകളുണ്ട്. ആരോഗ്യസേവനത്തിനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫസ്റ്റ് എയ്ഡ് കിയോസ്‌കുകളുണ്ട്. ഫസ്റ്റ് എയ്ഡ് റൂമുകളും കാഷ്വാലിറ്റി സൗകര്യവുമുണ്ട്. അഗ്നിബാധ തടയാൻ നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സർവസജ്ജരായി സ്റ്റേഡിയത്തിലുണ്ടാവും. കാണികളെ അടിയന്തരമായി ഒഴിപ്പിക്കേണ്ട സാഹചര്യം നേരിടാൻ എമർജൻസി എക്സിറ്റ് പ്ലാൻ തയ്യാറാണ്. ഏത് വഴിയിലൂടെ പുറത്തേക്ക് പോകണമെന്ന് സൂചിപ്പിക്കുന്ന രേഖാചിത്രങ്ങൾ സ്റ്റേഡിയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഡിയവും പരിസരവും പൊലീസിന്റെ സി.സി ടിവി നിരീക്ഷണത്തിലായിരിക്കും.
പ്രവേശനം ഇങ്ങനെ
വൈകിട്ട് നാലു മുതൽ കാണികളെ പ്രവേശിപ്പിക്കും. ടിക്കറ്റിനൊപ്പം എല്ലാവരും തിരിച്ചറിയൽ കാർഡ് കരുതണം.
ടിക്കറ്റ് ബുക്കുചെയ്തയാളല്ല കളി കാണാനെത്തുന്നതെങ്കിൽ, ബുക്കു ചെയ്തയാളുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം.
മൂന്ന് സുരക്ഷാ പരിശോധനകൾക്ക് ശേഷം അനുവദിക്കപ്പെട്ട ഗേറ്റുകളിലൂടെ സ്റ്റേഡിയത്തിലേക്ക് കടത്തിവിടും. ടിക്കറ്റിൽ ഗേറ്റ് നമ്പറുണ്ടാവും.
സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പിവെള്ളം, ശീതളപാനീയം, പ്ലാസ്റ്റിക്, കുട, കമ്പിവടി, തീപ്പെട്ടി, ലഹരിവസ്തുക്കൾ തുടങ്ങിയവ പ്രവേശിപ്പിക്കില്ല.
സ്റ്റേഡിയത്തിലേക്കോ, കളിക്കാർക്ക് നേരെയോ ഏതെങ്കിലും വസ്തുക്കൾ വലിച്ചെറിയാൻ ശ്രമിച്ചാൽ പൊലീസ് നടപടിയെടുക്കും.
മൂന്ന് വയസിന് മുകളിലുള്ളവർക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ടിക്കറ്റ് നിർബന്ധമാണ്.
മൊബൈലിലോ ഇ മെയിലിലോ ലഭിക്കുന്ന ഇടിക്കറ്റിലെ ക്യൂ ആർ കോഡോ ഇ-ടിക്കറ്റിന്റെ പ്രിന്റൗട്ടിലെ ക്യൂ ആർ കോഡോ സ്‌കാൻ ചെയ്താണ് സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശനം
ഗ്രൂപ്പ് ബുക്കിംഗിന് പ്രൈമറി ടിക്കറ്റ് ഹോൾഡറുടെ ഐ.ഡി പ്രൂഫിന്റെ കോപ്പി കാണിച്ച് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാം.
പാർക്കിംഗ് ഇങ്ങനെ
യൂണിവേഴ്സിറ്റി കാമ്പസ്, കാര്യവട്ടം കോളേജ്, എൽ.എൻ.സി.പി.ഇ എന്നിവിടങ്ങളിലാണ് പാർക്കിംഗ്. ഇരുചക്രവാഹനങ്ങൾ സ്റ്റേഡിയത്തിലെ രണ്ട് പാർക്കിംഗ് ഗ്രൗണ്ടുകളിലായി പാർക്ക് ചെയ്യണം. മത്സരശേഷം കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസുകൾ നടത്തും.
കാലാവസ്ഥാ പ്രവചനം
ലക്ഷദ്വീപിലും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴപെയ്യും. തിരുവനന്തപുരത്ത് നേരിയ തോതിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. പക്ഷേ, തുലാവർഷം പൊതുവേ ദുർബലമാണ്.