nadapatha

വർക്കല: നഗരസഭ പരിധിയിലെ നടപ്പാതകൾ അപകടക്കെണിയാവുന്നു. ഓടകൾക്കു മുകളിലുള്ള ഒട്ടുമിക്ക കോൺക്രീറ്റു സ്ലാബുകളും കാലപ്പഴക്കത്താൽ പൊട്ടിത്തകർന്നവയാണ്. ചിലയിടങ്ങളിൽ ഓടകൾക്കു മുകളിൽ സ്ലാബുകൾ തന്നെ ഇല്ല. മൈതാനം ടൗണിലെ എല്ലായിടത്തെയും നടപ്പാതകൾ സമാനരീതിയിലാണ്. കാൽനടയാത്രക്കാർ പലപ്പോഴും മേൽമൂടി തകർന്ന ഓടകളിൽ കാൽവഴുതി വീഴുന്നത് പതിവാണ്. ചിലഭാഗങ്ങളിൽ നിരത്തിയിട്ടുള്ള മേൽമൂടികൾ ശരിയായ രീതിയിൽ ഉറപ്പിച്ചിട്ടില്ല. ലക്ഷ്യം തെറ്റി ഇരിക്കുന്ന മേൽമൂടികളിൽ ചവിട്ടിയാൽ വീഴ്ച ഉറപ്പാണ്. മൈതാനം റൗണ്ട് എബൗട്ടിനു സമീപം കഴിഞ്ഞ ദിവസം നടപ്പാതയിലൂടെ നടന്ന വിദ്യാർത്ഥിനിയുടെ കാൽ മേൽമൂടിയിൽ തട്ടി പരിക്കേറ്രിരുന്നു. ഒരാഴ്ച മുൻപ് മൈതാനം ടൗണിലെ ഇടവ പാരിപ്പള്ളി ബസ് സ്റ്റോപ്പിന് സമീപത്തെ പൊട്ടി തകർന്ന സ്ലാബുകൾക്കിടയിൽ ഒരു വീട്ടമ്മയുടെ കാലുകൾ കുരുങ്ങി അപകടത്തിൽ പെട്ടു. ടൗണിലെ നടപ്പാതയിലെ സ്ലാബുകളിൽ തട്ടിവീഴുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടും നഗരസഭയോ പൊതുമരാമത്ത് വകുപ്പോ നടപടി കൈക്കൊളാത്തതിൽ പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്. പഴയ സബ് രജിസ്ട്രാർ ഓഫീസിന് മുന്നിലെ ഓടകൾക്ക് മുകളിൽ മേൽമൂടിയുമില്ല. ഇവിടെ മാലിന്യങ്ങൾ കൊണ്ടു വന്ന് തള്ളുന്ന ഇടമായി മാറിയിട്ടുണ്ട്.

തീർത്ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമായ വർക്കലയിൽ എത്തുന്നവർ ഈ പൊട്ടിപ്പൊളിഞ്ഞ നടപ്പാതയുടെ വികൃതമായ മുഖമാണ് കാണുന്നത്. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർ ഗതാഗതക്കുരുക്കിൽ നിന്നൊഴിഞ്ഞ് നടപ്പാതയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ പോലും കഴിയുന്നില്ല. നിരവധി തവണ വിവിധ സംഘടനകൾ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയൊന്നുമില്ല. ഓടകളിലെ മേൽമൂടികൾ അടിയന്തരമായി ബലപ്പെടുത്തുകയോ പുതിയത് സ്ഥാപിക്കുകയോ ചെയ്യണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്.