തിരുവനന്തപുരം: നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങൾക്ക് കുടിശ്ശിക തീർക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. 2019 മാർച്ച് 31ൽ അഞ്ച് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹനങ്ങൾക്ക് (01.04.2014 നു ശേഷമുള്ള കാലയളവിലേക്ക് നികുതി അടച്ചിട്ടില്ലാത്ത എല്ലാതരം വാഹനങ്ങൾക്കും) 31വരെ നികുതി അടയ്ക്കാം. അഞ്ച് വർഷമോ അതിൽ കൂടുതലോ കാലം നികുതി കുടിശ്ശിക ഉണ്ടായിരുന്നതും റവന്യൂ റിക്കവറി വഴി ഭാഗികമായോ പൂർണമായോ കുടിശ്ശിക ഈടാക്കിയിട്ടുള്ളതുമായ വാഹനങ്ങൾക്കും ഈ അവസരം ലഭിക്കും. ആനുകൂല്യത്തിന് വാഹനവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യമില്ല. നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾ നികുതി അടച്ച് തുടർനടപടികളിൽ നിന്നും ഒഴിവാകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.