തിരുവനന്തപുരം:ഐ.എഫ്.എഫ്‌.കെയിൽ പരിഗണിക്കാതിരുന്ന 'പക്ഷികൾക്ക് പറയാനുള്ളത്' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ ഇന്ന് നടക്കുമെന്ന് സംവിധായിക സുധ രാധിക വാർത്താസമ്മേളനത്തിൽ അറിയിച്ചു.ലെനിൻ സിനിമാസിൽ രാവിലെ 9നാണ് പ്രദർശനം.ഐ.എഫ്.എഫ്.കെയിൽ തള്ളപ്പെട്ട അഞ്ച് വനിതാസംവിധായകരുടെ സ്വതന്ത്ര സിനിമകളിലൊന്നാണ് പക്ഷികൾക്ക് പറയാനുള്ളത്. 'മലയാളം ഇന്ന്' വിഭാഗത്തിലേക്ക് അയച്ച വനിതാ സംവിധായകരുടെ അഞ്ച് ചിത്രങ്ങൾ കവർപോലും പൊട്ടിച്ചില്ലെന്നും സുധ രാധിക ആരോപിച്ചു.ആകെ ഏഴ് വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ലഭിച്ചത്.അതിൽ രണ്ടെണ്ണം മാത്രമാണ് പരിഗണിച്ചത്.മലയാള വിഭാഗത്തിൽ 14 സിനിമകൾ തിരഞ്ഞെടുത്തപ്പോൾ വനിതാ സംവിധായകരെ പൂർണമായും ഒഴിവാക്കി.സ്വതന്ത്ര സിനിമകളെ അധികൃതർ പ്രോൽസാഹിപ്പിക്കുന്നില്ല.ലൈംഗികചൂഷണത്തിന് വിധേയയാക്കപ്പെട്ട ഒരു പെൺകുട്ടിയുടെ കഥയാണ് 'പക്ഷികൾക്ക് പറയാനുള്ളത്'.ഒമാനിൽ സ്ഥിരതാമസമാക്കിയ ചലച്ചിത്ര പ്രവർത്തക സുധ രാധിക രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പതിമൂന്നുവയസുകാരിയായ നിലാജ്ഞനയാണ് നായിക.ഡോ.അമർ രാമചന്ദ്രൻ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.ഗിരീഷ് പുത്തൻചേരിയുടെ ഗാനങ്ങൾ ഷഹബാസ് അമൻ ഈണം നൽകിയിരിക്കുന്നു. മുഹമ്മദാണ് കാമറ.