vigilance-and-anti-corrup

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭാ, കോർപറേഷൻ ഓഫീസുകളിൽ ഓപ്പറേഷൻ പിരാന എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിലും കെട്ടിട നമ്പർ നൽകുന്നതിലും അഴിമതി നടക്കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കെട്ടിട നിർമ്മാണത്തിനും കെട്ടിട നമ്പരിനുമുള്ള അപേക്ഷകളിൽ 30 ദിവസത്തിനകം അപേക്ഷകനെ തീരുമാനം അറിയിക്കണം എന്ന വ്യവസ്ഥ പലയിടത്തും പാലിച്ചിട്ടില്ല. ഉദ്യോഗസ്ഥർ കൈക്കൂലിക്കായി ഫയലുകൾ പരിശോധിക്കാതെയും സ്ഥല പരിശോധന നടത്താതെയും തീരുമാനം വൈകിപ്പിക്കുന്നതായും ആരോപണമുയർന്നിരുന്നു.

കോഴിക്കോട് നഗരസഭയുടെ ബേപ്പൂർ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഇക്കൊല്ലം ജനുവരി മുതലുള്ള 93 കെട്ടിടനിർമ്മാണ പെർമി​റ്റ് അപേക്ഷകൾ കെട്ടിക്കിടക്കുന്നു.

ഇവിടെ തീരദേശ പരിപാലന നിയമത്തിന് വിരുദ്ധമായി കെട്ടിടനിർമ്മാണ പെർമി​റ്റ് നൽകുന്നതായും ഓവർസിയർമാരും എൻജിനിയർമാരും സ്ഥല പരിശോധന നടത്താത്തതിനാൽ 24 അപേക്ഷകളിൽ തീരുമാനമാകാതിരിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ചെറുവന്നൂർ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ 2018ലെ 13 അപേക്ഷകളിലും 2019ലെ 32 അപേക്ഷകളിലും തീരുമാനമെടുത്തില്ല.

കോഴിക്കാട് കോർപ്പറേഷൻ ഓഫീസിൽ തീരുമാനമാകാത്ത നൂറുകണക്കിന് ഫയലുകളുണ്ടായിരുന്നു. കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമായി പൂർത്തീകരിച്ച ചില കെട്ടിടങ്ങൾക്ക് നമ്പർ അനുവദിച്ചതും കണ്ടെത്തി.
എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ നടത്തിയ പരിശോധനയിൽ വിദ്യാഭ്യാസ ആവശ്യത്തിന് പെർമി​റ്റെടുത്ത ശേഷം കെട്ടിടം കൺവെൻഷൻ സെന്ററായി ഉപയോഗിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. പാലാ മുനിസിപ്പാലി​റ്റിയിൽ നടത്തിയ പരിശോധനയിൽ കെട്ടിട പെർമി​റ്റിനായും ഒക്കുപെൻസി സർട്ടിഫിക്ക​റ്റിനായുമുള്ള 60 അപേക്ഷകൾ കെട്ടിക്കിടക്കുന്നത് കണ്ടെത്തി.

കണ്ണൂർ ഇടക്കാട് സോണൽ ഓഫീസിൽ അപേക്ഷകൻ പെർമി​റ്റില്ലാതെ തന്നെ കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത് കണ്ടെത്തി. ഈ ഓഫീസിൽ യാതൊരു കാരണവുമില്ലാതെ നിരവധി അപേക്ഷകൾ കെട്ടി കിടക്കുന്നുണ്ട്. മിന്നൽ പരിശോധന സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ അനിൽ കാന്ത് അറിയിച്ചു.