കുളത്തൂർ: നഗരസഭയുടെ കുളത്തൂർ സോണൽ ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സോണൽ ഓഫീസിന്റെ പരിധിയിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ വിംഗാണ് മിന്നൽ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11 ന് ആരംഭിച്ച പരിശോധന വൈകിട്ടുവരെ നീണ്ടു. സോണൽ ഓഫീസ് പരിധിയിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പെർമിറ്റിനും ഒക്യുപൻസി സർട്ടിഫിക്കറ്റിനുമായി ലഭിച്ച ഒട്ടനവധി അപേക്ഷകൾ തീർപ്പാക്കാതെ അകാരണമായി വൈകിപ്പിച്ചത് പരിശോധനയിൽ കണ്ടെത്തി. അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണമെന്നാണ് ചട്ടം. അപേക്ഷകളിൽ ഏറെയും അജ്ഞാതകാരണങ്ങൾ പറഞ്ഞ് തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. ടെക്നോപാർക്ക് പ്രദേശം ഉൾപ്പെടുന്ന സോണൽ പരിധിയിൽ ഓരോ ദിവസവും വൻകിട പ്രോജക്ടുകൾ ഉൾപ്പെടെ നിരവധി അപേക്ഷകളാണ് എത്തുന്നത്. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരും അവരുടെ ഇടനിലക്കാരും ഓഫീസ് കേന്ദ്രമാക്കി ഏറെ നാളായി പ്രവർത്തിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ വിംഗ് ഡിവൈ.എസ്.പി. മഹേഷ് ദാസ്, അഡിഷണൽ എസ്.ഐമാരായ ശ്രീജിത്ത്, അനിൽകുമാർ, ഉദ്യോഗസ്ഥരായ ഗോപൻ,പ്രസാദ്, അരുൺ, അജിത്ത്കുമാർ, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.