തിരുവനന്തപുരം :നഗരത്തിലെ സ്കൂളുകളിൽ ആരംഭിച്ച ജനകീയ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 60ലോഡ് മാലിന്യം നീക്കം ചെയ്തതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. കഴിഞ്ഞമാസം 25നാമ് ശുചീകരണം തുടങ്ങിയത്. സ്‌കൂൾ പരിസരത്തുണ്ടായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യം, കുപ്പി മാലിന്യം, തെർമ്മോക്കോൾ എന്നിവയും പ്രത്യേകം നീക്കം ചെയ്തു. അതോടൊപ്പം കുറ്റിക്കാടുകളും കാടു നിറഞ്ഞ പ്രദേശങ്ങളും വെട്ടി വെളിപ്പാക്കുകയും ശുചീകരണം നടത്തുകയും ചെയ്തു. വെള്ളക്കെട്ട് ഉണ്ടായിരുന്ന പ്രദേശങ്ങളിൽ സ്‌പ്രേയിംഗ് നടത്തി. സ്‌കൂൾ പരിസരത്ത് ഉണ്ടായിരുന്ന മാളങ്ങൾ മണ്ണിട്ട് മൂടി. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും 1200 ജീവനക്കാരുടെയും സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്. തുടർന്ന് എല്ലാ നാലാമത്തെ ശനിയാഴ്ചകളിലും സ്‌കൂൾ അധികൃതർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ശുചീകരണം നടത്തണമെന്ന നിർദ്ദേശം നൽകിയതായി മേയർ കെ. ശ്രീകുമാറും ഹെൽത്ത് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവും അറിയിച്ചു.