വെഞ്ഞാറമൂട്: കാണാതായ അവനവഞ്ചേരി വില്ലേജ് ഓഫീസർ മുംബയിലെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ആറ്റിങ്ങൽ അവനവഞ്ചേരി വില്ലേജ് ഓഫീസറായ വാമനപുരം സ്വദേശി എൻ.കെ. മനോജിനെയാണ് കഴിഞ്ഞ മാസം 30 മുതൽ വീട്ടിൽ നിന്നും കാണാതായത്. കഴിഞ്ഞ ദിവസം ഇയാൾ മുംബയിലെ ഒരു ഷോപ്പിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ശ്രമിച്ചിരുന്നു. വീട്ടിൽ ഉപേക്ഷിച്ചുപോയ ഔദ്യോഗിക ഫോൺ നമ്പറാണ്‌ ട്രാവത്സിൽ കൊടുത്തിരുന്നത്. ടിക്കറ്റ് ബുക്കിംഗിന് മുമ്പായി വിവരം ഉറപ്പാക്കാൻ എജൻസിയിൽ നിന്നും ഈ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് മനോജ് മുംബയിലെത്തിയെന്ന് ബന്ധുക്കൾക്ക് മനസിലായത്. തുടർന്ന് അന്വേഷണ സംഘം മുംബയിലുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്നതായി വിവരം ലഭിച്ചു. ഫ്ളൈറ്റ് ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ഇയാൾ ട്രെയിനിലെത്താൻ സാദ്ധ്യതയുണ്ടെന്നാണ് പൊലിസിന്റെ കണക്കുകൂട്ടൽ. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ റെയിൽവേ സ്റ്റേഷനുകളിലും സന്ദേശം കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.