life

തിരുവനന്തപുരം: സർക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫ് മിഷൻ ഭവനനിർമ്മാണ പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും പ്രശ്നപരിഹാരത്തിനായുള്ള അദാലത്തും സംഘടിപ്പിക്കുന്നു. ഈ 15 മുതൽ ജനുവരി 15വരെ ഒരു മാസം നീളുന്ന പരിപാടിയിലൂടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ടുയരുന്ന ആക്ഷേപങ്ങൾക്കെല്ലാം അറുതിവരുത്താനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുങ്ങുന്നത്. അടുത്ത നവംബറിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലൈഫ് മിഷനിലൂടെയുള്ള നേട്ടം രാഷ്ട്രീയായുധമാക്കാനും ഇടതുമുന്നണി ലക്ഷ്യമിടുന്നു. ഇതിനാവശ്യമായ പണം തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് വിനിയോഗിക്കാനുള്ള അനുമതി നൽകി സർക്കാർ ഉത്തരവായി.

ത്രിതല പഞ്ചായത്തുകൾക്ക് കുടുംബസംഗമ, അദാലത്ത് പരിപാടികളിൽ വിനിയോഗിക്കാവുന്ന തുകകളും നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ബ്ലോക്ക്, ജില്ലാതല സംഗമത്തിന്റെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് വിഹിതം ബ്ലോക്ക് പഞ്ചായത്തുകൾക്കോ ജില്ലാ പഞ്ചായത്തുകൾക്കോ കൈമാറണമെന്നാണ് നിർദ്ദേശം.

ചെലവിടേണ്ട തുക:

ബ്ലോക്ക്തല സംഗമം:

- ഗ്രാമപഞ്ചായത്ത് വിഹിതം- 20,000രൂപ

- ബ്ലോക്ക് പഞ്ചായത്ത് വിഹിതം- 50,000 രൂപ.

മുനിസിപ്പാലിറ്റിതല സംഗമം: 2,00,000രൂപ.

കോർപറേഷൻതല സംഗമം: 3,00,000രൂപ.

ജില്ലാതല സംഗമം:

- ജില്ലാ പഞ്ചായത്ത് വിഹിതം: 1,00,000രൂപ.

- ഗ്രാമപഞ്ചായത്ത് വിഹിതം: 5,000രൂപ.