pinarayi-vijayan

തിരുവനന്തപുരം: വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ എടുത്ത തീരുമാനങ്ങൾ അതിന്റെ അന്തഃസത്ത പൂർണമായി ഉൾക്കൊണ്ട് നടപ്പാക്കുന്നത് ഉറപ്പുവരുത്തുമെന്ന് വ്യവസായ, വാണിജ്യരംഗത്തെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ നയങ്ങൾക്കനുസരിച്ചുള്ള ക്രിയാത്മക സമീപനം ചില സ്ഥലങ്ങളിൽ ഉണ്ടാകുന്നില്ലെന്ന പരാതി പരിഹരിക്കും. അനാവശ്യമായ തടസങ്ങൾ സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ സെക്രട്ടറി സഞ്ജയ് ഗാർഗ് എന്നിവരും പങ്കെടുത്തു. വി.കെ.മാത്യൂസ് (ഐ.ബി.എസ്) മോഡറേറ്ററായിരുന്നു. കേരളത്തിന്റെ ഭാവി വികസനത്തിൽ പ്രധാനമായ മേഖലയാണ് ടൂറിസമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ഭംഗികൊണ്ട് അനുഗൃഹീതമായ കേരളത്തിന്റെ സാദ്ധ്യതകൾ മുഴുവൻ ഉപയോഗിച്ചിട്ടില്ല. ഒരാൾക്ക് ഒരു ടൂറിസ്റ്റ് എന്നതായിരിക്കണം ലക്ഷ്യം. നഗരങ്ങളിൽ കാലഹരണപ്പെട്ട മാസ്റ്റർ പ്ലാനാണുള്ളതെന്ന പ്രശ്നം പരിഹരിക്കും. തീരദേശ പരിപാലന നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇളവുകൾ കേരളത്തിൽ ബാധകമാക്കാൻ നടപടികളെടുത്തുവരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിൽ കാലതാമസം നേരിടുന്നുണ്ടെന്ന പരാതി പരിഹരിക്കും. ജനുവരി 9, 10 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമം (അസൻഡ് 2020) വ്യവസായ പ്രോത്സാഹനനടപടികളുടെ ഭാഗമാണ്. ജനുവരി 1 മുതൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നതുകൊണ്ട് ചെറുകിട വ്യവസായങ്ങൾ നേരിട്ടേക്കാവുന്ന പ്രയാസങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാരിന്റെ നയങ്ങൾക്കൊത്ത് പ്രവർത്തിക്കാൻ സർക്കാരുദ്യോഗസ്ഥരെ സജ്ജമാക്കണം, ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യനിർമ്മാർജ്ജനം കാര്യക്ഷമമാക്കണം, നഗരങ്ങളിൽ ഭൂവിനിയോഗത്തിന് പ്രായോഗികമായ നയം വേണം, വ്യവസായമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണം, കെട്ടിടനിർമ്മാണ ചട്ടത്തിലെ അപാകതകൾ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിലുയർന്നു.