virat-kohli-notebook-cele
virat kohli notebook celebration

ഹൈദരാബാദ് : ക്രിക്കറ്റ് കളത്തിൽ എതിരാളികൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകുകയാണ് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ ശൈലി. അപൂർവമായി മാത്രമാണ് എതിരാളികൾക്ക് നേരെ കളത്തിൽ ബാറ്റുകൊണ്ടല്ലാതെ വിരാട് മറുപടി നൽകുക. കഴിഞ്ഞ രാത്രി വിൻഡീസിനെതിരെ ഹൈദരാബാദിൽ നടന്ന ആദ്യ ട്വന്റി 20 മത്സരത്തിൽ വിരാടിൽനിന്നുണ്ടായ അത്തരത്തിലുള്ള മറുപടി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

ഏറെനാൾ മുമ്പുള്ള ഒരു കണക്കാണ് വിരാട് വെള്ളിയാഴ്ച കളത്തിൽ തീർത്തത്. വിൻഡീസ് പേസർ കെസ്‌റിക്ക് വില്യംസിനെ സിക്സിന് പറത്തിയശേഷം പോക്കറ്റിൽനിന്ന് നോട്ടുബുക്കെടുത്ത് പേര് വെട്ടിക്കളയുന്നതുപോലെയുള്ള ആക്ഷനാണ് വിരാട് കാട്ടിയത്. മത്സരത്തിൽ വിജയിച്ചശേഷമാണ് തന്റെ വിചിത്രമായ ആഘോഷത്തിന്റെ കാരണം വിരാട് വ്യക്തമാക്കിയത്. മുമ്പ് ഇന്ത്യയും വിൻഡീസും തമ്മിൽ ജമൈക്കയിൽ നടന്ന മത്സരത്തിൽ വില്യംസ് വിരാടിനെ പുറത്താക്കിയശേഷം ഇതേ രീതിയിൽ പോക്കറ്റിൽ നിന്ന് നോട്ടുബുക്കെടുത്ത് പേര് വെട്ടിക്കളയുന്നതായി കാണിച്ചിരുന്നു. അതിന് അതേ നാണയത്തിൽതന്നെ മറുപടി നൽകണമെന്ന് അന്നേ തീരുമാനിച്ചിരുന്നതാണെന്നും കൊഹ്‌ലി പറഞ്ഞു.

ഇന്നലെ വിരാടിന്റെ പ്രകടനം കണ്ട വില്യംസിന്റെ മുഖം വിവർണമാകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ കളിക്കളത്തിലെ വാശിയും വീറും മത്സരം കഴിയുന്നതോടെ അവസാനിക്കുമെന്നും ഹൈദരാബാദിൽ തങ്ങൾ ഷേക്ക് ഹാൻഡ് നൽകി പുഞ്ചിരിച്ചാണ് മടങ്ങിയതെന്നും കൊഹ്‌ലി പറഞ്ഞു.

'കളിക്കളത്തിൽ ചിലപ്പോൾ വാക്കുതർക്കമൊക്കെയുണ്ടാകും. കളി കഴിയുമ്പോൾ അതൊക്കെ അവസാനിക്കും. പുഞ്ചിരിച്ച് കൈകൊടുത്താണ് വില്യംസുമായി പിരിഞ്ഞത്.

വിരാട് കൊഹ്‌ലി

സിനിമ ഡയലോഗുമായി

ബച്ചന്റെ അഭിനന്ദനം

ആദ്യ ട്വന്റി 20 യിലെ വിരാടിന്റെ അതുല്യ പ്രകടനത്തെ അഭിനന്ദിക്കാൻ സിനിമാ ഡയലോഗുമായി അമിതാഭ് ബച്ചൻ. തന്റെ പഴയ ഹിറ്റ് സിനിമയായ അമർ അക്ബർ അന്തോണിയിലെ ഡയലോഗാണ് അമിതാഭ് ട്വിറ്ററിൽ വിരാട് കൊഹ്‌ലിയെ വാഴ്ത്താനായി ഉപയോഗിച്ചത്.

'വിരാടിനോട് മുട്ടല്ലേ, മുട്ടല്ലേ എന്ന് എത്രതവണ പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ പറഞ്ഞത് കേട്ടില്ലല്ലോ. ഇപ്പോ അവന്റെ കൈയിൽ നിന്ന് കിട്ടേണ്ടത് കിട്ടിയില്ലേ. വിൻഡീസുകാരുടെ മുഖം നോക്കിക്കേ, ചളുങ്ങിത്തകർന്നിരിക്കുന്നത് കണ്ടോ""-എന്നർത്ഥം വരുന്ന ഹിന്ദി ഡയലോഗാണ് ബച്ചൻ കുറിച്ചത്.

ബച്ചന്റെ അഭിനന്ദനത്തിന് ട്വിറ്ററിലൂടെ വിരാട് മറുപടിയും നൽകി.

12

ഹൈദരാബാദിലെ മികച്ച പ്രകടനത്തോടെ അന്താരാഷ്ട്ര ട്വന്റി 20യിൽ ഏറ്റവും കൂടുതൽ തവണ മാൻ ഒഫ് ദ മാച്ചാകുന്ന താരം എന്ന അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയുടെ റെക്കാഡിനൊപ്പം വിരാട് എത്തി. 12 തവണയാണ് നബി മാൻ ഒഫ് ദ മാച്ചായിട്ടുള്ളത്. 11 തവണ നേടിയിട്ടുള്ള ഷാഹിദ് അഫ്രീദി രണ്ടാംസ്ഥാനത്താണ്.

'വിരാട് ഒരു അമാനുഷിക കഥാപാത്രമാണ്. മഹാനായ ബാറ്റ്‌സ്‌മാനെന്ന് സ്ഥിരമായി ലോകത്തിന് മുന്നിൽ തെളിയിച്ചുകൊണ്ടിരിക്കുന്ന ആൾ. വിരാടിന്റെ നോട്ടുബുക്ക് ആഘോഷമൊക്കെ കളിയുടെ രസകരമായ ഭാഗമായി കണ്ടാൽ മതി.

കെയ്റോൺ പൊള്ളാഡ്

വിൻഡീസ് ക്യാപ്ടൻ