all-this-victory-

തിരുവനന്തപുരം: ഒരു മുറി. അഞ്ചു മനുഷ്യർ. ഇവരിലൂടെ ഒരു യുദ്ധത്തിന്റെ ഭയാനത മുഴുവൻ പ്രേക്ഷകരിലേക്ക് പടർത്തിവിട്ട ആൾ ദിസ് വിക്ടറിയിലൂടെ ചലച്ചിത്രമേളയുടെ മത്സര വിഭാഗം ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ലബനനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അഹമ്മദ് ഗൊസൈൻ ഒരുക്കിയ ഈ ചിത്രത്തിന് ഇന്ന് ടാഗോർ തിയേറ്ററിൽ 3.30നുള്ള ഷോ ഉൾപ്പെടെ മൂന്ന് പ്രദർശനങ്ങൾ ഉണ്ടാകും.

വിവിധ മേളകളിൽ നിന്നായി 15ലധികം പുരസ്‌കാരങ്ങൾ നേടിയ 'പാരസൈറ്റിന്റെ' ആദ്യ പ്രദർശനമാണ് ഇന്നത്തെ പ്രധാന ആകർഷണം. പ്രശസ്ത സംവിധായകൻ ബോങ് ജൂൻഹോയുടെ 'പാരസൈറ്റ്' കാൻ മേളയിലെ പാം ദിഓർ പുരസ്‌കാരം നേടിയ ആദ്യ കൊറിയൻ ചിത്രമാണ്. ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ ഉരുട്ടിക്കൊലയ്ക്കു വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന മറാത്തി ചിത്രം 'മായി ഘട്ട്: ക്രൈം നം.103/2005' ഇന്ന് 3.15 ന് കലാഭവനിൽ പ്രദർശിപ്പിക്കും. കേരളത്തിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവത്തെ ആധാരമാക്കി ആനന്ദ് നാരായൺ മഹാദേവനാണ് ഈ ചിത്രം ഒരുക്കിയത്. പ്രഭാവതിയമ്മയുടെ വേഷം ചെയ്ത ഉഷാ ജാദവിന് ഗോവൻ മേളയിൽ മികച്ച നടിക്കുള്ള രജതചകോരം ലഭിച്ചിരുന്നു. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആർ.കെ. കൃഷാന്തിന്റെ 'വൃത്താകൃതിയിലുള്ള ചതുര'ത്തിന്റെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. ടൊറന്റോ ചലച്ചിത്രമേളയിൽ പ്രേക്ഷകപ്രീതി നേടിയ ഗീതു മോഹൻദാസ് ചിത്രം 'മൂത്തോനും' കാലിഡോസ്‌കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.