തിരുവനന്തപുരം: ആരാധകരുടെ ആവേശത്തിലേക്ക് ഇന്ത്യ,വിൻഡീസ് ടീമുകൾ പറന്നിറങ്ങി. കാര്യവട്ടത്തെ രണ്ടാം ഏകദിനത്തിനായി തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഇന്ത്യ, വെസ്റ്റിൻഡീസ് ടീമുകൾക്ക് ആരാധകർ നൽകിയത് വൻ വരവേല്പ്. കനത്ത മഴ വകവയ്ക്കാതെ മണിക്കൂറുകൾക്കു മുമ്പേ വിമാനത്താവളത്തിലെ ആഗമന കവാടത്തിൽ തമ്പടിച്ച ആരാധകർക്കിടയിലേക്ക് നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകിയാണ് ഹൈദരാബാദിൽ നിന്ന് ചാർട്ട് ചെയ്ത പ്രത്യേക വിമാനത്തിൽ കൊഹ്‌ലിയും കൂട്ടരും വന്നിറങ്ങിയത്. ദേശീയപതാകയും താരങ്ങളുടെ ജഴ്സിയുമണിഞ്ഞ് എത്തിയ ആരാധകർ ഇന്ത്യൻ ടീമിന് ജയ് വിളികളുമായി എയർപോർട്ട് പരിസരം ശബ്ദമുഖരിതമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ താരങ്ങളെ ഔദ്യോഗികമായി സ്വീകരിച്ചു.
അഞ്ചേമുക്കാലിന് എത്തേണ്ട വിമാനം മോശം കാലാവസ്ഥ കാരണം ഏഴ് കഴിഞ്ഞാണ് ലാൻഡ് ചെയ്തത്. കോവളം ലീലാ ഹോട്ടലിലാണ് താരങ്ങൾ തങ്ങുന്നത്.

ഏഴേകാലോടെയാണ് താരങ്ങൾ എയ‌ർപോർട്ടിന് പുറത്തേക്കു വന്നത്. അകലെനിന്നു കണ്ടതോടെ പുറത്ത് കാത്തുനിന്ന ആരാധകർക്കിടയിൽ ആരവം മുഴങ്ങി. പുറത്തേക്ക് ആദ്യമെത്തിയത് ഇന്ത്യൻ കോച്ച് രവിശാസ്ത്രി. തൊട്ടുപിന്നാലെ ആരാധകർ കാത്തിരുന്ന താരമെത്തി. സാക്ഷാൽ കിംഗ് കൊഹ്‌ലി. ആർപ്പുവിളികളോടെയും ജയ് വിളികളോടെയും പതാക വീശിയും ഇന്ത്യൻ ക്യാപ്ടനെ തിരുവനന്തപുരത്തിന്റെ മണ്ണിലേക്ക് ആരാധകർ സ്വാഗതം ചെയ്തു. തൊട്ടുപിറകെ വിൻഡീസ് താരങ്ങളും ടീം ഒഫീഷ്യൽസുമെത്തി. ഇന്ത്യൻ താരങ്ങളെയെന്ന പോലെ വിൻഡീസ് താരങ്ങളെയും ഹർഷാരവങ്ങളോടെ ആരാധകർ വരവേറ്റു.

കൊഹ്‌ലിക്കു പിന്നാലെ പേസ് ബൗളർ ഭുവനേശ്വർ കുമാർ എത്തി. ഭുവിക്കും കിട്ടി ജയ് വിളി. പിറകെ കെ.എൽ.രാഹുൽ, കുൽദീപ് യാദവ്, ഋഷഭ് പന്ത്, യുസ്‌വേന്ദ്ര ചഹൽ, ശിവം ദുബൈ, മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ തുടങ്ങി താരങ്ങൾ പുറത്തുവന്നു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എത്തിയതോടെ കാണികൾക്കിടയിൽ നിന്ന് വലിയ ആരവം മുഴങ്ങി. ആരാധകരെ നോക്കി ജഡ്ഡു കൈവീശി. ജഡേജയ്‌ക്കൊപ്പം ഭാര്യയുമുണ്ടായിരുന്നു. വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയും കുടുംബസമേതമാണ് എത്തിയത്. ഏറ്റവുമൊടുവിലാണ് ആരാധകർ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരുന്ന കേരളത്തിന്റെ സ്വന്തം സഞ്ജുവെത്തിയത്. അതോടെ പരിസരമാകെ ആരവവും ജയ് വിളികളുമുയർന്നു. കോലിക്കും രോഹിതിനും ലഭിച്ചതിനേക്കാൾ വലിയ ആരവവും പിന്തുണയുമാണ് ആരാധകർ സഞ്ജുവിന് വേണ്ടി മുഴക്കിയത്. 'സഞ്ജു, സഞ്ജു' എന്ന് ആവേശത്തോടെ ആവർത്തിച്ചുവിളിച്ച കാണികളെ നോക്കി പുഞ്ചിരിച്ച് കൈവീശി സഞ്ജു ബസിലേക്ക് കയറി. സഞ്ജുവിന് ലഭിച്ച വൻ വരവേല്പ് . നൃത്തം ചെയ്യുന്ന പോലെ കൈകൾ വായുവിൽ ചുഴറ്റിയും ചിരിച്ചും കൊഹ്‌ലിയും ആസ്വദിച്ചു. ആരാധകർ കൊഹ്‌ലിയെ നോക്കി 'സഞ്ജുവിനെ കളിപ്പിക്കണേ' എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. നിറഞ്ഞ പുഞ്ചിരിയായിരുന്നു ക്യാപ്ടന്റെ മറുപടി.

വിൻഡീസ് നിരയിൽ ക്യാപ്ടൻ കീറോൺ പൊള്ളാർഡിനും ജാസൺ ഹോൾഡറിനുമാണ് ഏറ്റവുമധികം കൈയടി കിട്ടിയത്. വിൻഡീസ് നിരയിലെ പുതിയ ബാറ്റിംഗ് സെൻസേഷൻ ഹെറ്റ്‌മെയറിനെയും സല്യൂട്ട് വീരൻ ഷെൽഡൻ കോട്രലിനെയും ആരാധകർ ആവേശത്തോടെ വരവേറ്റു.