പരമ്പര പിടിക്കാൻ ഇന്ത്യ കാര്യവട്ടത്ത്
തിരുവനന്തപുരം : മലയാളിതാരം സഞ്ജു സാംസണെയും കൂട്ടി ഇന്ത്യൻ ക്രിക്കറ്റ് ടീം വിൻഡീസിനെതിരായ ട്വറ്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി തിരുവനന്തപുരത്തെത്തി.
ഹൈദരാബാദിൽ നടന്ന ആദ്യ ട്വന്റി-20 യിൽ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ വിരാട് കൊഹ്‌ലിക്കും സംഘത്തിനും കാര്യവട്ടം സ്‌പോർട്സ് ഹബിലും വിജയം ആവർത്തിക്കാനായാൽ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാം.
കരുത്തുറ്റ ടീമുകൾ
ആദ്യമത്സരത്തിലെ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹെട്മേയർ (56), എവിൻ ലെവിസ് (40), പൊള്ളാഡ് (37), ബ്രാൻഡൺ കിംഗ് (31), ജാസൺ ഹോൾഡർ (24 നോട്ടൗട്ട്) എന്നിവരുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഒാവറിൽ 207/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യയ്ക്ക് ഇടിവെട്ട് വിജയം നൽകിയത് നായകൻ വിരാട് കൊഹ്‌ലിയുടെ തകർപ്പൻ ഇന്നിംഗ്സാണ്. ഒപ്പം ഒാപ്പണർ കെ.എൽ. രാഹുലിന്റെ (62) മികച്ച തുടക്കവും 50 പന്തുകൾ നേരിട്ട കൊഹ്‌ലി ആറുവീതം ഫോറും സിക്‌സുകളുമാണ് പറത്തിയത്. രാഹുൽ 40 പന്തുകളിൽ അഞ്ചുഫോറും 4 സക്സും പായിച്ചു. എട്ട് പന്തുകൾ ബാക്കിനിൽക്കെയായിരുന്നു ഇന്ത്യയുടെ വിജയം.
സഞ്ജുവിന്റെ സാദ്ധ്യതകൾ
തിരുവനന്തപുരത്തുകാരൻ സഞ്ജു സാംസണ് കാര്യവട്ടത്തെ കളിയിലെങ്കിലും ഒരവസരം നൽകാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തയ്യാറാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ബംഗ്ളാദേശിനെതിരായ പരമ്പരയിലെ മൂന്ന് മത്സരത്തിലും പുറത്തിരുത്തിയ മാനേജ്മെന്റ് ഹൈദരാബാദിലും അതാവർത്തിക്കുകയായിരുന്നു. വിൻഡീസിനെതിരായ പരമ്പരയിൽ സെലക്ടർമാർ ആദ്യമേ സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ശിഖർ ധവാന് പരിക്കേറ്റപ്പോൾ വിളിക്കുകയായിരുന്നു. ഹൈദരാബാദിലെ മത്സരം കഴിഞ്ഞപ്പോൾ സഞ്ജുവിന്റെ സാദ്ധ്യതകൾ ഒന്നുകൂടി ഇരുളടഞ്ഞിരിക്കുകയാണ്.
പ്രൊഫഷണൽ ക്രിക്കറ്റിൽ സെന്റിമെൻസുകൾക്ക് സ്ഥാനമില്ല. അടുത്തവർഷം നടക്കുന്ന ട്വറ്റി-20 ലോകകപ്പ് മുന്നിൽക്കണ്ട് ടീമൊരുക്കിയ സെലക്ടർമാരുടെ റഡാറിൽ സഞ്ജു ഇല്ലായിരുന്നു. ബംഗ്ളാദേശിനെതിരായ പരമ്പരയിൽ വിരാടിന് വിശ്രമമായതിനാലും വിൻഡീസിനെതിരെ ധവാന് പരിക്കേറ്റതിനാലുമാണ് സഞ്ജുവിന് അവസരം നൽകിയത്. നാട്ടുകാരനെന്ന നിലയിൽ അവസരം നൽകുകയെന്നത് സാധാരണഗതിയിൽ നടപ്പാകാറില്ല. എന്നാൽ തുടർച്ചയായി നാല് മത്സരങ്ങളിൽ ടീമിനൊപ്പം വെറുതേയിരുന്ന താരത്തെ സ്വന്തം നാട്ടിലും കളിക്കാൻ ഇറക്കിയില്ലെങ്കിൽ വിമർശനം ഉയർന്നേക്കാം.
. ഹൈദരാബാദിൽ കെ.എൽ. രാഹുൽ അർദ്ധസെഞ്ച്വറി നേടിയതോടെ ഒാപ്പണിംഗ് പൊസിഷനിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പായി.
. ഇനി സഞ്ജുവിനൊരു സ്ഥാനം ലഭിക്കണമെങ്കിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകണം. അതിന് വൈസ് ക്യാപ്ടനായ രോഹിത് മാറിനിൽക്കാൻ സ്വയം തയ്യാറാകണം.
. ഋഷഭ് പന്ത് കഴിഞ്ഞ കളികളിൽ ഒൻപത് പന്തിൽ രണ്ട് സിക്‌സടക്കം 18 റൺസടിച്ചിരുന്നു. പക്ഷേ പുറത്തായത് പതിവുപോലെ നിരുത്തരവാദപരമായ ഷോട്ടിലായിരുന്നു. ഇതിന് അദ്ദേഹത്തെ പുറത്തിരുത്താൻ ഇടയില്ല. ശ്രേയസ് അയ്യർ, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവരിൽ ഒരാളെ മാറ്റി സഞ്ജുവിനെ കളിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറാകുമോ എന്ന് കണ്ടറിയണം.
റണ്ണൊഴുക്കാൻ ബിജുവിന്റെ പിച്ച്
പതിവുപോലെ റണ്ണൊഴുക്കാൻ ഒരു മടിയുമില്ലാത്ത പിച്ചാണ് ക്യൂറേറ്റർ ബിജു സ്‌പോർട്സ് ഹബിൽ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബിജു വൊരുക്കിയ പിച്ചുകൾ ടീമംഗങ്ങളുടെയെല്ലാം പ്രശംസനേടിയിരുന്നു. കാര്യമായ മഴയുണ്ടായില്ലെങ്കിൽ 200ന് മേൽ സ്കോർ ചെയ്യാനാകും എന്നാണ് ക്യൂറേറ്ററുടെ പ്രതീക്ഷ.
3
സ്പോർട്സ് ഹബ് വേദിയാകുന്ന മൂന്നാമത്തെ അന്താരാഷ്ട്ര മത്സരമാണിത്. ഇതുവരെ നടന്നത് ഒാരോ ഏകദിനവും ട്വന്റി 20 യും. എന്നാൽ ഇരുമത്സരങ്ങളും മുഴുവൻ ഒാവറുകളും നടന്നില്ല. രണ്ട് കളികളും ജയിച്ചത് ഇന്ത്യ
2017, നവംബർ 1
ന് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വന്റി 20 മത്സരം മഴ കാരണം എട്ടോവറായി വെട്ടിച്ചുരുക്കി. ഇന്ത്യ 67/5 എന്ന സ്കോർ ഉയർത്തി. കിവീസ് 61/6 ലൊതുങ്ങി.
2018 നവംബർ 1
ന് ഇന്ത്യ വിൻഡീസ് ഏകദിനം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 31.5 ഒാവറിൽ 104 റൺസിന് ആൾ ഒൗട്ടായി. ഇന്ത്യ 14. 5 ഒാവറിൽ ലക്ഷ്യം കണ്ടു.