തിരുവനന്തപുരം: രണ്ടാം ട്വന്റി-20 മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയ ഇന്ത്യ-വിൻഡീസ് താരങ്ങൾക്ക് താമസ സ്ഥലമായ കോവളം ലീല റാവീസിൽ ഒരുക്കിയത് കേരളത്തിന്റെ തനത് നാടൻ രുചി. മീൻ വിഭവങ്ങൾക്കാണ് മെനുവിൽ പ്രാധാന്യം. വിൻഡീസ് താരങ്ങൾക്കും പ്രിയം മീനിനോടു തന്നെ. കടൽ, കായൽ മീൻ വിഭവങ്ങൾ പ്രത്യേകം ഒരുക്കിയിരുന്നു. അഷ്ടമുടിക്കായലിൽ നിന്നുള്ള മീൻ വിഭവങ്ങളാണ് കൂട്ടത്തിൽ സ്‌പെഷ്യൽ. സമ്പൂർണ വെജിറ്റേറിയനായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് കേരളത്തിന്റെ നാടൻ സദ്യ ഒരുക്കിയിട്ടുണ്ട്. രോഹിത് ശർമ്മയ്ക്ക് ചെമ്മീൻ വിഭവങ്ങളോടും കോച്ച് രവിശാസ്ത്രിക്ക് കരിമീനിനോടുമാണ് പ്രിയം.
നാടൻ കേരള വിഭവങ്ങളാണ് ഇന്ത്യൻ താരങ്ങൾ കൂടുതലും ആവശ്യപ്പെട്ടിട്ടുള്ളത്. വിൻഡീസ് താരങ്ങൾക്ക് സ്‌പൈസിയല്ലാത്തതും ഗ്രിൽഡ് വിഭവങ്ങളുമാണ് താത്പര്യം. കായൽ കരിമീനും അഷ്ടമുടിക്കായലിലെ ഞണ്ട്, ചെമ്മീൻ,കണവ, പലതരം കൊഞ്ച്, ചെമ്പല്ലി,ആവോലി, മലബാർ വിഭവങ്ങൾ എല്ലാം കരുതിയിട്ടുണ്ടെന്ന് കോവളം ലീല റാവിസിലെ കോർപറേറ്റ് ഷെഫ് സുരേഷും എക്സിക്യുട്ടീവ് ഷെഫ് സഞ്ജയും പറഞ്ഞു.
താരങ്ങൾ ഇന്നലെ രാത്രി എട്ടോടെ ഹോട്ടലിലെത്തി. ഓരോരുത്തരേയും കണ്ട് അവരുടെ ആവശ്യപ്രകാരമാണ് ഭക്ഷണം ഉണ്ടാക്കി നൽകിയത്. നാടൻ വിഭവങ്ങളാണ് മിക്ക താരങ്ങളും ആവശ്യപ്പെട്ടത്. ഇന്നു രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം ഹോട്ടലിൽ ഒരുക്കും. പരിശീലന സെഷൻ ഇല്ലാത്തതിനാൽ വൈകിട്ട് മത്സരത്തിനു മുമ്പ് മാത്രമേ താരങ്ങൾ കാര്യവട്ടത്തേക്ക് പോകൂ.
ഇന്ന് ഹോട്ടലിൽ വിശ്രമവും വിനോദവുമായി കഴിയാനാണ് ഇന്ത്യൻ ടീമീന്റെ പ്ലാൻ. വിൻഡീസ് ടീം ബീച്ച് വോളിക്കും കടൽകുളിക്കും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.