ഇന്ത്യയ്ക്ക് 110 സ്വർണം, 214 മെഡലുകൾ
അഫ്സലിന് 800 മീറ്ററിൽ വെള്ളി
കാഠ്മണ്ഡു : നേപ്പാളിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡലുകളുടെ എണ്ണത്തിൽ സെഞ്ച്വറി കടന്ന ഇന്ത്യ ആകെ മെഡലുകളുടെ എണ്ണത്തിൽ ഇരട്ട സെഞ്ച്വറിയും കടന്നു. ഗെയിംസിന് കൊടിയിറങ്ങാൻ മൂന്നുദിനം മാത്രം ശേഷിക്കേ 110 സ്വർണങ്ങളും 69 വെള്ളിയും 35 വെങ്കലങ്ങളും ഉൾപ്പെടെ 214 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 43 സ്വർണമുൾപ്പെടെ 142 മെഡലുകളമായി ആതിഥേയരായ നേപ്പാളാണ് രണ്ടാമത്. 30 സ്വർണമുൾപ്പെടെ 170 മെഡലുകൾ നേടി ശ്രീലങ്ക മൂന്നാമതുണ്ട്.
ഇന്നലെ അത്ലറ്റിക്സിൽ മലയാളി താരം മുഹമ്മദ് അഫ്സൽ 800 മീറ്ററിൽ വെള്ളി നേടി. ഒരുമിനിട്ട് 51.25 സെക്കൻഡിലാണ് അഫ്സൽ ഫിനിഷ് ചെയ്തത്. ശ്രീലങ്കയുടെ ഇന്ദുനിൽ റുദുഷയ്ക്കാണ് സ്വർണം. പുരുഷ ജാവലിൻ ത്രോയിൽ ശിവ്പാൽ സിംഗ്, 4 x 400 മീറ്റർ പുരുഷ റിലേയിൽ മലയാളി താരങ്ങളായ എം.പി. ജാബിർ, ജീവൻ കെ.എസ്. എന്നിവരടങ്ങിയ ടീം, പുരുഷ മാരത്തോണിൽ രാഷ്പാൽ സിംഗ് എന്നിവർ വെള്ളി നേടി.
ചെൽസിയെ വീഴ്ത്തി
എവർട്ടൺ
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എവർട്ടൺ 3-1ന് ചെൽസിയെ കീഴടക്കി. എവർട്ടൺ, തട്ടകത്തിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിട്ടിൽ റിച്ചാർലിസൺ, 49-ാം മിനിട്ടിലും 84-ാം മിനിട്ടിലും കാൾബർട്ട് ലെവിൻ എന്നിവരാണ് എവർട്ടന് വേണ്ടി സ്കോർ ചെയ്തത്. 52-ാം മിനിട്ടിൽ കൊവാസിച്ചാണ് ചെൽസിയുടെ ഏക ഗോൾ നേടിയത്.
റയലിന് ജയം ഒന്നാമത്
മാഡ്രിഡ് : ഇന്നലെ നടന്ന മത്സരത്തിൽ എസ്പാന്യോളിനെ 2-0 ത്തിന് കീഴടക്കി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്കെത്തി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 37-ാം മിനിട്ടിൽ റാഫേൽ വരാനേയും 79-ാം മിനിട്ടിൽ കരിം ബെൻസേമയുമാണ് റയലിനായി സ്കോർ ചെയ്തത്. ഇൗ വിജയത്തോടെ റയലിന് 15 മത്സരങ്ങളിൽ നിന്ന് 34 പോയിന്റായി. 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ബാഴ്സലോണയാണ് രണ്ടാംസ്ഥാനത്ത്.