മലയിൻകീഴ്: വിളവൂർക്കലിന് സമീപത്തെ ദാമോദർ നഗർ ജോ-നിൽ സുനിലിന്റെ വീട്ടിൽ നിന്ന് 5 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സമീപവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കവർച്ച നടത്തിയത് സമ്മതിക്കുകയും തൊണ്ടി മുതൽ കണ്ടെത്തിയിട്ടുമുണ്ട്.വീട്ടിന് മുന്നിൽ സുരക്ഷിതമെന്ന് കരുതി സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് മോഷ്ടാവ് വാതിൽ തുറന്ന് അകത്തുകയറുകയായിരുന്നു. ഈ സമയം വീട്ടിൽ ആരുമില്ലായിരുന്നു. വൈകിട്ട് ഉടമസ്ഥർ എത്തുമ്പോഴാണ് വീട്ടിൽ കവർച്ച നടന്നതറിയുന്നത്. ആളനക്കം കേട്ട് അയൽക്കാരിയായ യുവതി നോക്കുമ്പോഴേക്കും മോഷണ ശേഷം സമീപവാസിയായ യുവാവ് മതിൽ ചാടുന്നതാണ് കണ്ടത്. ഈ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും ചേർത്താണ് സുനിൽ പൊലീസിൽ പരാതി നൽകിയത്. സി.ഐ.അനിൽകുമാർ,എസ്.ഐ.സൈജു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.