ഉള്ളൂർ: ബാധ ഒഴിപ്പിക്കുന്നതിന്റെ പേരിൽ പതിന്നാലുകാരിയെ ക്ഷേത്രപൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പാച്ചല്ലൂർ സ്വദേശിനിയായ വിദ്യാ‌ർത്ഥിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. പഠനത്തിൽ മികവ് പുലർത്താതിരുന്നതിനെ തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ വേളിക്കു സമീപമുള്ള ഒരു പോറ്റിയോട് പരിഹാര മാർഗം ആരാഞ്ഞു. കുട്ടിയുടെ ശരീരത്തിൽ ബാധകൂടിയിട്ടുണ്ടെന്നും അത് ഒഴിവാക്കണമെന്നും ഇയാൾ നിർദ്ദേശിച്ചു. ഇതിനായി കണ്ണമ്മൂല ചെന്നിലോടിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയെ നിർദ്ദേശിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഇയാളെ സമീപിച്ചത്. ഇയാളുടെ വീട്ടിൽ വച്ച് ബാധ ഒഴിപ്പിക്കുന്നതിനിടെയാണ് പീഡനശ്രമം നടന്നത്. തിരുവല്ലം പൊലീസ് കേസെടുത്ത ശേഷം സംഭവം നടന്ന മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. കൊടുങ്ങല്ലൂർ സ്വദേശിയായ പ്രതി ഒളിവിലാണെന്ന് മെഡിക്കൽകോളേജ് പൊലീസ് പറഞ്ഞു.