നെയ്യാറ്റിൻകര :വേളാങ്കണ്ണിക്ക് തീർത്ഥാടനത്തിന് പോയ കാർ നിയന്ത്രണം വിട്ട് മറി‌ഞ്ഞ് ദമ്പതികൾ മരിച്ചു. നെയ്യാറ്റിൻകര ഓലത്താന്നി തണൽവീട്ടിൽ സുധി (45),ഭാര്യ ഷൈനി (40) എന്നിവരാണ് മരിച്ചത്.മക്കളായ കെൽവിനും (14) നെൽവിനും (11) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.ഇന്നലെ വൈകിട്ട് 4.30ഓടെ തഞ്ചാവൂരിനും പുതുക്കോട്ടയ്ക്കും ഇടയിലായിരുന്നു സംഭവം. ഇന്നലെ പുലർച്ചെ 4ഓടെ ഓലത്താന്നിയിലെ വീട്ടിൽ നിന്നു സുധിയും കുടുംബവും സ്വന്തം കാറിൽ വേളാങ്കണ്ണിയിലേക്ക് പുറപ്പെടുകയായിരുന്നു. വൈകിട്ടോടെ കാറിന്റെ മുൻസീറ്റിലെ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട് കാർ റോഡരികിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു വരും. ഓലത്താന്നിക്ക് സമീപം വെൽഡിംഗ് ഷോപ്പ് നടത്തി വരികയായിരുന്നു സുധി.