war
ചിത്രത്തിൽ നിന്നൊരു രംഗം

2006ൽ ഇസ്രയേൽ ലെബനന് മേൽ നടത്തിയ അധിനിവേശത്തിനിടെയുണ്ടായ യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കി അഹമ്മദ് ഗോസെൻ ഒരുക്കിയ 'ആൾ ദിസ് വിക്ടറി' എന്ന സിനിമ സിനിമാപ്രേക്ഷകർക്ക് ഒരുൾക്കിടിലത്തോടെ മാത്രമെ കണ്ടിരിക്കാനാകൂ. മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.

മൂന്ന് ദിവസം തെക്കൻ ലെബനനിലെ വാദി അൽ ഹുജൈറിലെ ഒരേ ലൊക്കേഷനിൽ ചിത്രീകരിച്ച സിനിമ,​ അതിശക്തമായ ബോംബ് വർഷത്തിനിടെ ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒറ്റപ്പെട്ടുപോയ അഞ്ച് പേരുടെ ആത്മസംഘർഷങ്ങളും മാനസിക വ്യാപാരങ്ങളുമാണ് ചർച്ച ചെയ്യുന്നത്. വെടിനിറുത്തൽ കരാർ ലംഘിക്കപ്പെട്ടതോടെ തന്റെ അച്ഛനെ തേടി ലെബനനിൽ എത്തുന്ന നായകൻ മറ്റ് നാലുപേർക്കൊപ്പം അവിടെ കുടുങ്ങിപ്പോകുന്നു. ഇവർ അകപ്പെട്ടുപോയ കെട്ടിടത്തിന്റെ മുകൾനിലയിൽ ഇസ്രയേലി സൈന്യം തമ്പടിച്ചിട്ടുണ്ട്. എന്നാൽ,​ അഞ്ച് മനുഷ്യാത്മാക്കൾ തീതിന്ന് താഴത്തെ നിലയിലുള്ള കാര്യം അവർ അറിയുന്നില്ല.

കഥാപാത്രങ്ങളെക്കാളും ശബ്ദമാണ് പ്രേക്ഷകരോട് കൂടുതലായി സംവദിക്കുന്നത്. ഉഗ്രശബ്ദമുള്ള ബോംബ് സ്‌ഫോടനവും തോക്കുകളുടെ വെടിയൊച്ചയും ഇനിയും നിലയ്ക്കാത്ത യുദ്ധഭീകരതയുടെ നേർക്കാഴ്ചയായി മാറുകയാണ്. പരസ്‌പരം അറിയാത്ത അഞ്ച് പേർ മരണത്തെ മുന്നിൽക്കണ്ട് കഴിയുമ്പോൾ സിനിമ കാണുന്ന പ്രേക്ഷകരുടെ മനസിലും മരവിപ്പ് പടരും. സംവിധായകന്റെ സഹോദരൻ കരം ഗോസനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ മർവനെ അവതരിപ്പിച്ചിരിക്കുന്നത്.