kr

കാട്ടാക്കട: അയ്യനെ കാണാൻ ഇത്തവണയും കോട്ടൂർ ആദിവാസികൾ എത്തി. കോട്ടൂർ ആദിവാസി ഊരുകളിൽ നിന്നും വനവിഭവങ്ങളുമായി ഇരുമുടി കെട്ടുമേന്തി പതിവ് തെറ്റിക്കാതയാണ് ഇത്തവണയും കോട്ടൂർ മുണ്ടണി മാടൻകോവിലിൽ നിന്നും കെട്ടുനിറച്ച് തീർത്ഥാടകർ യാത്രതിരിച്ചത്.

ജില്ലയിലെ അഗസ്ത്യ വന മേഖലയിലെ ആദി വാസി ഊരുകളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. കാട്ടിലെ തേൻ, കുന്തിരിക്കം, കദളി, കരിമ്പ്‌ തുടങ്ങിയ വനവിഭവങ്ങൾ ശബരി ഗിരീശന് കാണിക്ക വച്ചു. ഇവർ നൽകുന്ന കാട്ടുതേൻ രാവിലെ മൂല വിഗ്രഹത്തിൽ അഭിഷേകം നടത്തി. ഇത്തവണ 21 കന്നി അയ്യപ്പന്മാരും 17 മാളികപ്പുറങ്ങളും ഉൾപ്പെടെ നാലു മുതൽ 70 വയസ്സുവരെയുള്ളവരാണ് സംഘത്തിലുള്ളത്. കാനന വാസനെ കാണാനുള്ള യാത്രയിലും തിരികെയും മുണ്ടണി മാടൻ തമ്പുരാനും കാലാട്ടുതമ്പുരാനും ഇളകോടി ചാവുകളും മലമുത്തപ്പന്മാരും ഇവർക്ക് സുരക്ഷയൊരുക്കി യാത്രയ്‌ക്കൊപ്പം ഉണ്ടാകും എന്നാണ് സങ്കൽപ്പം. ദർശനം കഴിഞ്ഞു അഗസ്ത്യമുനിയെ വണങ്ങിയ ശേഷമാണ് വൃതം അവസാനിപ്പിച്ച് മാലയൂരുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിലൂടെ കോട്ടൂരിൽ നിന്നെത്തുന്ന ഈ പരമ്പരാഗത തീർത്ഥാടകർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. മുണ്ടണി മാടൻകോവിൽ ട്രസ്റ്റി വിനോദ്, ഈച്ചൻ കാണി, മാതേവി കാണി, ആദിച്ചൻകാണി എന്നിവരാണ് ശബരിമല തീർഥാടക സംഘത്തിന് നേതൃത്വം നൽകി.