തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിലെ മരുന്ന് പർച്ചേസിനുള്ള ടെൻഡറിൽ വേണ്ടപ്പെട്ടവർക്കായി കള്ളക്കളിയെന്ന് ആരോപണം. രണ്ടരക്കോടിയോളം രൂപയുടെ മരുന്നുകൾ വാങ്ങാനുള്ള ടെൻഡറിൽ, തിരുവനന്തപുരം വഞ്ചിയൂരിലെ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ എന്ന കമ്പനിയെ ഒഴിവാക്കാനാണ് കള്ളക്കളി.
ഇ-ടെൻഡർ രേഖകൾക്കൊപ്പം കമ്പനിയുടെ ഡയറക്ടർ ദേവൻ മോഹൻ സമർപ്പിച്ച സത്യവാങ്മൂലം സാങ്കേതിക ഉപദേശക സമിതി അന്യായ കാരണം പറഞ്ഞ് തള്ളി. സത്യവാങ്മൂലത്തിൽ ഒപ്പിട്ടത് അധികാരമില്ലാത്തയാളാണെന്നും പവർ ഒഫ് അറ്റോർണി സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കമ്പനിയുടെ ബിഡ് തള്ളുകയാണെന്നാണ് മൃഗസംരക്ഷണ വകുപ്പ് അഡി.ഡയറക്ടർ ഡോ.വി.സുനിൽകുമാർ അദ്ധ്യക്ഷനായ സമിതി യോഗത്തിന്റെ മിനുട്ട്സിലുള്ളത്.
എന്നാൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിലെ രേഖകൾ പ്രകാരം ദേവൻ മോഹൻ ഡയറക്ടറായാണ് കമ്പനിയുടെ രജിസ്ട്രേഷൻ. 2016 ഫെബ്രുവരി മുതൽ ദേവനാണ് ഡയറക്ടർ. കമ്പനിയുടെ ഡയറക്ടർ തന്നെ സത്യവാങ്മൂലം നൽകിയിട്ടും പവർ ഒഫ് അറ്റോർണി ഹാജരാക്കിയില്ലെന്നാണ് സമിതിയുടെ 'കണ്ടെത്തൽ'. ഡയറക്ടർ ബോർഡിനു പുറമേയുള്ള ആരെങ്കിലുമാണ് സത്യവാങ്മൂലം നൽകുന്നതെങ്കിലേ ഈ നടപടിയുടെ ആവശ്യമുള്ളൂ. മെഡിക്കൽ സർവീസസ് കോർപറേഷനും മൃഗസംരക്ഷണവകുപ്പിനും പതിറ്റാണ്ടുകളായി മരുന്നുകൾ വിതരണം ചെയ്യുന്ന കമ്പനിയാണിത്. മതിയായ രേഖകൾ ഹാജരാക്കാൻ കമ്പനികൾക്ക് ഒരാഴ്ച സമയം അനുവദിക്കുന്നത് പതിവാണെങ്കിലും മൃഗസംരക്ഷണ വകുപ്പ് സമയം നൽകിയില്ല. കമ്പനിയോട് രേഖകൾ ആവശ്യപ്പെട്ടതുമില്ല. സത്യവാങ്മൂലത്തിൽ ഒപ്പിട്ട, ദേവൻ മോഹൻ കമ്പനിയുടെ ഡയറക്ടറാണോയെന്ന് പരിശോധിക്കാനും സമിതി മെനക്കെട്ടില്ല. അതിനു മുൻപ് ആറ് കമ്പനികളുടെ നിരക്ക് പ്രസിദ്ധീകരിച്ചു. ആർക്കൊക്കെയാണ് ഓർഡർ നൽകിയതെന്ന വിവരവും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.1952മുതൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയെ ചില സ്വകാര്യ കമ്പനികൾക്കു വേണ്ടി ഒഴിവാക്കുകയാണെന്ന് ആക്ഷേപമുണ്ട്.
അതേസമയം, സത്യവാങ്മൂലം നൽകേണ്ടത് കമ്പനിയുടെ ഉടമസ്ഥനോ ഡയറക്ടർ ബോർഡംഗമോ ആണെന്ന് മൃഗസംരക്ഷണ വകുപ്പ് അഡി.ഡയറക്ടർ ഡോ.വി.സുനിൽകുമാർ 'കേരളകൗമുദി'യോട് പറഞ്ഞു. അല്ലെങ്കിൽ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തി പവർ ഒഫ് അറ്റോർണി ഹാജരാക്കണം. മരുന്ന് വിതരണം ചെയ്യാതിരുന്നാലോ പിൻമാറിയാലോ നടപടിയെടുക്കണമെങ്കിൽ ഇതാവശ്യമാണ്. 13അംഗങ്ങളുള്ള സാങ്കേതിക സമിതിയാണ് ഇ-ടെൻഡർ നടപടികൾ നിയന്ത്രിക്കുന്നത്. ദേവൻ മോഹൻ ഡയറക്ടറാണെന്ന രേഖ കമ്പനി ഹാജരാക്കാത്തതിനാലാണ് ഫിനാൻഷ്യൽ ബിഡ് തള്ളിയത് - അദ്ദേഹം വിശദീകരിച്ചു.
അപ്പീൽ നൽകാം
സാങ്കേതിക സമിതി തീരുമാനത്തിനെതിരെ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ കമ്പനിക്ക് അപ്പീൽ നൽകാം. കൂടുതൽ സമയം നൽകണോയെന്ന് തീരുമാനിക്കേണ്ടത് സമിതിയാണ്. ടെൻഡർ നടപടികളെല്ലാം സുതാര്യമാണ്. എല്ലാ വിവരങ്ങളും വെബ്സൈറ്റിലുണ്ട്.
-ഡോ.വി.സുനിൽകുമാർ
മൃഗസംരക്ഷണ വകുപ്പ്
അഡി.ഡയറക്ടർ