car

വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ റോഡരികിൽ നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലിടിച്ച് യാത്രികരായ നാലു പേർക്ക് പരിക്ക്. തൊടുപുഴ ചേന്നമ്പാറ സ്വദേശി അമൽ മാത്യു (23), തൊടുപുഴ പള്ളിപ്പറമ്പിൽ സ്വദേശി അഖിൽ തങ്കച്ചൻ (22), തൊടുപുഴ കാഞ്ഞിരക്കാട് സ്വദേശികളായ ജോമിൻ ജോസ് (20), അഖിൽ തോമസ് (27) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ 5 ന് സംസ്ഥാന പാതയിൽ കീഴായിക്കോണം പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കാരേറ്റ് ഭാഗത്തു നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന കാർ വലതുഭാഗത്ത് നിറുത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻവശം തകർന്ന കാർ എതിർദിശയിലേക്ക് തിരിഞ്ഞു. ശബ്ദം കേട്ട് ഓടി എത്തിയവർ വെഞ്ഞാറമൂട് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി കാറിനുള്ളിൽ അകപ്പെട്ടവരെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ലീഡിംഗ് ഫയർമാൻ നസറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.