
കിളിമാനൂർ: പുരസ്കാര നിറവിൽ കേശവപുരം കമ്മൂണിറ്റി ഹെൽത്ത് സെന്റർ. സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തന്നെ മാതൃകയായ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ " സഞ്ജീവനി " സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റിനാണ് ഈ വർഷത്തെ "അരികെ " ജില്ലാതല സാന്ത്വന പരിചരണ സെക്കൻഡറി പാലിയേറ്റീവ് പുരസ്കാരം.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം ഹോസ്പിറ്റലിലെ സഞ്ജീവനി യൂണിറ്റ് ഇന്ന് അശരണർക്കും, അവശർക്കും ഒരു ആശ്രയമാണ്. ഗുരുതരമായ രോഗങ്ങൾ ബാധിച്ച് ഉറ്റവരും ഉടയവരും നോക്കാൻ ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരത്തിലുള്ളവരുടെ അടുത്തെത്തി പരിചരണവും, ചികിത്സയും നൽകാൻ മുന്നിട്ട് ഇറങ്ങുകയായിരുന്നു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേശവപുരം കമ്മൂണിറ്റി ഹെൽത്ത് സെന്ററിലെ സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റ്. ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തിലെ രോഗികൾക്കും ഈ പദ്ധതിയുടെ പ്രയോജനം നൽകി. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഒരു ആംബുലൻസും, ആശുപത്രിയിലെ എൻ.എച്ച്.എം നിയമിച്ച നഴ്സിനെയും, ഫിസിയോ തെറാപ്പിസ്റ്റിനും പുറമെ രണ്ട് ജീവനക്കാരെ ബ്ലോക്ക് പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് നിയമിക്കുകയും ചെയ്തിരുന്നു.
സഞ്ജീവനിയുടെ പ്രവർത്തനം മൂലം കിടപ്പു രോഗികളും, വൃദ്ധരും, മാരക രോഗങ്ങൾ പിടിപ്പെട്ട് പുറത്തിറങ്ങാൻ പറ്റാത്തവർക്കും വലിയ ഒരാശ്വാസമാണ്.