കിളിമാനൂർ: ആരോഗ്യ മേഖലയിൽ വിവിധ പുരസ്കാരങ്ങൾ നേടി സംസ്ഥാനത്തിന് മാതൃകയാവുകയാണ് കിളിമാനൂർ ബ്ലോക്ക്. ജില്ലാതല സാന്ത്വന പരിചരണ പുരസ്കാരം "അരികെ " യിൽ ആരോഗ്യ രംഗത്തെ ജില്ലയിലെ മികച്ച പഞ്ചായത്തായി ബ്ലോക്കിന് കീഴിലെ കരവാരം പഞ്ചായത്തും, സമ്പൂർണ്ണ പാലിയേറ്റീവ് പഞ്ചായത്തായി കിളിമാനൂർ പഞ്ചായത്തും, മികച്ച സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റായി കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും സമ്മാനത്തിന് അർഹരായി. കിളിമാനൂർ പഞ്ചായത്തിലെ മുളയ്ക്കലത്തുകാവ് പ്രൈമറി ഹെൽത്ത് സെന്ററിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കാണ് ഇക്കുറി പഞ്ചായത്തിനെ തേടി പുരസ്കാരം എത്തിയത്. മുൻവർഷങ്ങളിലും ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് കിളിമാനൂർ പഞ്ചായത്തിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇപ്രാവശ്യം മികച്ച നഴ്സിനുള്ള പുരസ്കാരവും ഇവിടുള്ള സന്ധ്യക്കാണ് ലഭിച്ചത്. പഞ്ചായത്തിന് ലഭിച്ച പുരസ്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എ.ദേവദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്. സിനി, മെഡിക്കൽ ഓഫീസർ സുധീർ ജേക്കബ് എന്നിവർ പങ്കെടുത്തു. മികച്ച സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റിനുള്ള ജില്ലയിലെ പുരസ്കാരം ബ്ലോക്കിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനു ലഭിച്ചു.പുരസ്കാരം മന്ത്രിയിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബേബി സുധ, ശാലിനി എന്നിവർ പങ്കെടുത്തു .മികച്ച പാലിയേറ്റീവ് പഞ്ചായത്തായി തിരഞ്ഞെടുത്ത കരവാരം പഞ്ചായത്തിന് വേണ്ടി മന്ത്രിയിൽ നിന്ന് പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ, വൈസ് പ്രസിഡന്റ് സുരേഷ്, മെഡിക്കൽ ഓഫീസർ ഫസീല എന്നിവർ ചേർന്ന് വാങ്ങി.