തിരുവനന്തപുരം: കൈതമുക്കിൽ പട്ടിണി മൂലം ഒരു കുടുംബത്തിലെ കുട്ടികൾ മണ്ണു തിന്നുവെന്ന റിപ്പോർട്ടുമായി ബന്ധപ്പെട്ട വസ്തുതകൾ സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അന്വേഷിച്ച് ജില്ലാ നേതൃത്വത്തിന് റിപ്പോർട്ട് നൽകും. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം.
സംഭവത്തിൽ ശിശുക്ഷേമ സമിതിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് പാർട്ടി സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ.
വിശപ്പു കാരണം കുട്ടി മണ്ണു തിന്നെന്ന് ശിശുക്ഷേമ സമിതിക്ക് പരാതി നൽകിയ അമ്മ ശ്രീദേവി. പിറ്റേന്ന് നിലപാടു മാറ്റിയിരുന്നു. അത്തരം സാഹചര്യം കുട്ടിക്ക് ഉണ്ടായിട്ടില്ലെന്നാണ് ബാലാവകാശ കമ്മിഷന്റെയും നഗരസഭയുടെയും വിലയിരുത്തൽ. സംഭവത്തിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് അന്തിമമാണെന്ന് മേയർ കെ.ശ്രീകുമാറും വ്യക്തമാക്കി. ഇതേ നിലപാടാണ് മന്ത്രി കെ.കെ.ശൈലജയും സെക്രട്ടേറിയറ്റ് യോഗത്തിൽ സ്വീകരിച്ചത്.
വിഷയം ആദ്യഘട്ടത്തിൽ കൈകാര്യം ചെയ്ത ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക്കിന് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടത്തുന്ന പാർട്ടി ഏരിയാ കമ്മിറ്റി ദീപക്കിന്റെ വിശദീകരണവും തേടും. പാർട്ടി സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ ആരോപണമുയർന്നതോടെ, മാദ്ധ്യമങ്ങൾ തെറ്റിദ്ധരിച്ച് വാർത്ത നൽകിയെന്നാണ് സമിതിയുടെ പുതിയ വാദം